മുംബൈ: ഇന്ത്യയുടെ വെറ്ററന്‍ ബൗളർ ആശിഷ് നെഹ്‌റ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. നവംബര്‍ ഒന്നിന് ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടിട്വന്റിക്ക് ശേഷം വിരമിക്കാനാണ് സാധ്യത. 

ഓസ്‌ട്രേലിയക്കെതിരായ ടിട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മുപ്പത്തിയെട്ടുകാരനായ നെഹ്‌റയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ രണ്ട് ടിട്വന്റിയിലും നെഹ്‌റക്ക് അവസരം ലഭിച്ചിരുന്നില്ല. വിരമിക്കല്‍ തീരുമാനം നെഹ്‌റ പരിശീലകന്‍ രവി ശാസ്ത്രിയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും അറിയിച്ചതായാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

1999ല്‍ മുഹമ്മദ് അസറുദ്ദീന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് നെഹ്‌റ അരങ്ങേറ്റം കുറിച്ചത്‌. ഇതുവരെ 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ടിട്വന്റിയിലും ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ടെസ്റ്റില്‍ 44ഉം ഏകദിനത്തില്‍ 157 വിക്കറ്റും ടിട്വന്റിയില്‍ 34 വിക്കറ്റുമാണ് നെഹ്‌റയുടെ പേരിലുള്ളത്. ഇരുപതാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന നെഹ്റ എഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ്.

2003 ലോകകപ്പില്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ 23 റണ്‍സ് മാത്രം വഴുങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ നെഹ്‌റയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍മിക്കുന്നതാണ്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു നെഹ്‌റ. അന്ന് പാകിസ്താനെതിരായ സെമിഫൈനലില്‍ നെഹ്‌റയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. പക്ഷേ വിരലിന് പരിക്കേറ്റതിനാല്‍ ഫൈനലില്‍ നെഹ്‌റക്ക് കളിക്കാനായില്ല. ഐ.പി.എല്ലില്‍ ബൗളിങ് പരിശീലകന്റെ സ്ഥാനത്തേക്ക് നെഹ്‌റയെ ടീമുകള്‍ പരിഗണിക്കുന്നുണ്ട്.