മുംബൈ: ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻതാരം ആശിഷ് നെഹ്റ. ദേശീയ ടീമിലെത്തുന്ന യുവതാരങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണ നൽകി ഒരു സ്ഥിരം ടീമിനെ രൂപപ്പെടുത്താൻ ടീം മാനേജ്മെന്റ് പലപ്പോഴും പരാജയപ്പെടുകയാണെന്നും നെഹ്റ ചൂണ്ടിക്കാട്ടി.

മുൻ ക്യാപ്റ്റൻ ആയിരുന്ന എം.എസ് ധോനിയുടെ പകരക്കാരൻ എന്ന നിലയിൽ ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് ഇപ്പോൾ സഹതാരങ്ങൾക്ക് വെള്ളമെത്തിക്കുന്ന താരമായി മാറിയെന്നും ഋഷഭിന് വേണ്ടത്ര പിന്തുണ നൽകുന്നതിൽ ടീം മാനേജ്മെന്റിന് പിഴവ് പറ്റിയെന്നും നെഹ്റ ചൂണ്ടിക്കാട്ടുന്നു.

തന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ആകാശ് ചോപ്രയുടെ ആകാശവാണി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നെഹ്റ.

'പ്രതിഭയുള്ള താരങ്ങൾ ടീമിലുണ്ട്. പക്ഷേ അവരെ ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണയ്ക്കാനാകണം. ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ച്, ആറ് സ്ഥാനങ്ങളുടെ കാര്യം വരുമ്പോൾ ആരു കളിക്കുമെന്ന് ഇപ്പോഴും ഒരുറപ്പുമില്ല. ആ സ്ഥാനത്ത് കളിക്കേണ്ട, ധോനിയുടെ പകരക്കാരനാകാൻ കൊണ്ടുവന്ന ഋഷഭ് ഇപ്പോൾ സഹതാരങ്ങൾക്ക് വെള്ളം കൊടുക്കുന്നു.' നെഹ്റ അഭിമുഖത്തിൽ പറയുന്നു.

ലഭിച്ച അവസരങ്ങളിൽ ചിലത് ഋഷഭ് പാഴാക്കിയെന്ന കാര്യത്തിൽ സംശയമില്ല. എങ്കിൽക്കൂടി പന്തിനെ ടീമിൽ നിലനിർത്തണമായിരുന്നു. കാരണം 22-23 വയസായപ്പോഴേക്കും തന്റെ പ്രതിഭയെന്താണ് എന്നത് രാജ്യാന്തര വേദിയിൽ തെളിയിച്ച താരമാണ് ഋഷഭെന്നും നെഹ്റ പറയുന്നു.

മികച്ച താരങ്ങളുണ്ടായിട്ടും ഓസ്ട്രേലിയയുടേയും വെസ്റ്റിൻഡീസിന്റേയും പ്രതാപകാലത്തെ ടീമിനൊപ്പമെത്താൻ കോലിക്കും സംഘത്തിനും സാധിക്കാത്തതും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലെ പിഴവ് കാരണമാണെന്നും നെഹ്റ ആരോപിക്കുന്നു. ' ഇപ്പോഴത്തെ ഇന്ത്യൻ ടീം പഴയ ഓസ്ട്രേലിയൻ ടീമിൽ നിന്നൊക്കെ വളരെ ദൂരെയാണ്. 1996ൽ ഫൈനലിലെത്തിയ 18-19 ടെസ്റ്റ് മത്സരങ്ങൾ നാട്ടിലും വിദേശത്തും തുടർച്ചയായി വിജയിച്ച ഓസ്ട്രേലിയൻ ടീമിനെ കുറിച്ചാണ് ഞാൻ പറയുന്നത്. ഇന്ത്യൻ ടീമിന് ആ നിലവാരത്തിലേക്ക് എത്താൻ കഴിയില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ടീമിന് കരുത്തേകാൻ സ്ഥിരാംഗങ്ങളായി കുറച്ചു താരങ്ങൾ വേണം. ഭക്ഷണമേശയിൽ കുറേ വിഭവങ്ങളുണ്ടെങ്കിൽ ഏതെടുക്കണമെന്ന് കഴിക്കുന്നയാൾക്ക് സംശയമാകും. അതിലും നല്ലത് എണ്ണം കുറവാണെങ്കിലും രുചികരമായ വിഭവങ്ങൾ മാത്രമുണ്ടാകുന്നതാണ്.' നെഹ്റ വ്യക്തമാക്കുന്നു.

Content Highlights: Ashish Nehra Rishabh Pant MS Dhoni Cricket Team India