ന്യൂഡല്‍ഹി:  ഇരുപത് വര്‍ഷം നീണ്ട കരിയര്‍ അവസാനിച്ച് ആശിഷ് നെഹ്‌റ പടിയിറങ്ങിയതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. എന്നാല്‍ തന്റെ വിരമിക്കലിലേക്ക് നയിച്ചതിന് പിന്നിലെ പ്രധാന കാരണം നെഹ്‌റ അവസാന ഇന്നിങ്‌സിന് ശേഷം വെളിപ്പെടുത്തി. 

യുവതാരങ്ങളുടെ അവസരം താനായിട്ട് ഇല്ലാതാക്കാനില്ല എന്നതാണ് നെഹ്‌റയുടെ പക്ഷം. പ്രത്യേകിച്ച് ഭുവനേശ്വര്‍ കുമാറിന്റെ. മികച്ച ഫോമിലാണ് ഭുവനേശ്വര്‍ കളിക്കുന്നതെന്നും ഇന്ത്യന്‍ ടീമിന്റെ പേസ് ആക്രമണം ഭുവി നയിക്കേണ്ട സമയമിതാണെന്നും നെഹ്‌റ പറയുന്നു.  ഈ വര്‍ഷത്തെ ഐപിഎല്ലിന് മുമ്പ് വരെ ഭുവി ഫോമിലല്ലായിരുന്നു. 

എന്നാല്‍ നിലവില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. രണ്ടുവര്‍ഷം വരെ കളിക്കളത്തില്‍ തുടരാന്‍ തനിക്ക് കഴിയുമായിരുന്നെങ്കിലും യുവതാരങ്ങള്‍ക്കു വേണ്ടി പിന്‍വാങ്ങുകയാണെന്നും മുപ്പത്തിയെട്ടുകാരനായ നെഹ്‌റ വ്യക്തമാക്കി.

ഭുവനേശ്വര്‍ കുമാറും ബുംറയും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ നെഹ്‌റയ്ക്ക് വിരമിക്കാന്‍ അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ താന്‍ ടീമിന് ബാധ്യതയാകും എന്ന് കരുതിയാണ് നെഹ്‌റയുടെ വിരമിക്കല്‍ പ്രഖ്യാപനം.

Content Highlights: Ashish Nehra, Nehra Retirement, India vs New Zealand, Cricket, Bhuvaneshwar Kumar