മുംബൈ: 2011 ഏകദിന ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യക്ക് ലഭിച്ച ലോകകപ്പ്. അന്ന് പാകിസ്താനെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് സച്ചിൻ തെണ്ടുൽക്കറുടെ അർധ സെഞ്ചുറി ആയിരുന്നു. 11 ഫോറിന്റെ അകമ്പടിയോടെ 115 പന്തിൽ 85 റൺസാണ് സച്ചിൻ നേടിയത്. എന്നാൽ സച്ചിന്റെ മികവിനേക്കാൾ ഭാഗ്യം തുണച്ച ഇന്നിങ്സായിരുന്നു അതെന്ന് അന്ന് ടീമംഗമായിരുന്ന ആശിഷ് നെഹ്റ പറയുന്നു. ഇക്കാര്യം സച്ചിനുതന്നെ അറിയാവുന്നതാണെന്നും അദ്ദേഹം അത് സമ്മതിച്ചതാണെന്നും നെഹ്റ വ്യക്തമാക്കുന്നു.

ഏറെ വിള്ളലുകളുള്ള ഇന്നിങ്സായിരുന്നു അതെന്നാണ് നെഹ്റ വിശേഷിപ്പിച്ചത്. ഈ മത്സരത്തിൽ സച്ചിൻ നൽകിയ നാല് അവസരങ്ങളാണ് പാകിസ്താൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്. ഡി.ആർ.എസിന്റെ കനിവിലും രണ്ടുതവണ സച്ചിൻ രക്ഷപ്പെട്ടു. സ്കോർ 27-ൽ നിൽക്കെ മിസ്ബാഹുൽ ഹഖ്, 45-ൽ നിൽക്കെ യൂനുസ് ഖാൻ, 70-ൽ നിൽക്കെ കമ്രാൻ അക്മൽ, 81-ൽ നിൽക്കെ ഉമർ അക്മൽ എന്നിവരാണ് സച്ചിനെ കൈവിട്ടത്. ഒടുവിൽ 85 റൺസിലെത്തിയപ്പോൾ സയ്യിദ് അജ്മലിന്റെ പന്തിൽ ഷാഹിദ് അഫ്രീദിക്ക് ക്യാച്ച് നൽകി സച്ചിൻ ക്രീസ് വിട്ടു.

'ആ മത്സരത്തിൽ ഭാഗ്യം സച്ചിനെ എത്രമാത്രം തുണച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന് തന്നെ അറിയാം. സച്ചിന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിള്ളലുകളുള്ള ഇന്നിങ്സായിരുന്നു അത്. സച്ചിൻ 40 റൺസെടുക്കുന്ന മത്സരങ്ങളിൽപോലും ചിലപ്പോൾ അമ്പയർമാരുടെ മോശം തീരുമാനമോ കൈവിട്ട ചില ക്യാച്ചുകളോ കാണും. എന്നാൽ ഇത്രയധികം ഭാഗ്യം സച്ചിനെ തുണച്ച മറ്റൊരു ഇന്നിങ്സില്ല.' ഗ്രേറ്റസ്റ്റ് റൈവൽറി പോഡ്കാസ്റ്റിൽ നെഹ്റ വ്യക്തമാക്കുന്നു.

ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് അന്ന് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 49.5 ഓവറിൽ 231 റൺസിന് പുറത്തായി. സച്ചിനായിരുന്നു ഈ കളിയിലെ താരം.

Content Highlights: Ashish Nehra on Sachin Tendulkar, Pakistan in World Cup 2011