ന്യൂഡൽഹി: ഇടങ്കയ്യൻ പേസ് ബൗളറായ ആശിഷ് നെഹ്റ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റനായിരിക്കുമ്പോഴാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. വിരാട് കോലിയുടെ ക്യാപ്റ്റൻസിയിലായിരുന്നു പടിയിറക്കം. അതിനിടയിൽ എം.എസ് ധോനിയുടെ കീഴിലും നെഹ്റ കളിച്ചു. ഇന്ത്യൻ ടീമിലും ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സിലും ധോനിക്ക് കീഴിൽ കളിച്ചപ്പോൾ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നെഹ്റ പറയുന്നു. ആകാശ് ചോപ്രയുടെ പരിപാടിയായ ആകാശവാണിയിൽ സംസാരിക്കുകയായിരുന്നു നെഹ്റ.

ധോനി ഒരു അന്തർമുഖനും കളിക്കാരോട് അധികം സംസാരിക്കില്ലെന്നുമാണ് ആളുകളുടെ വിചാരം. പക്ഷേ യഥാർഥത്തിൽ അങ്ങനെയല്ല. മത്സരശേഷം രാത്രിയിലും അദ്ദേഹത്തിന്റെ ഹോട്ടൽ മുറി താരങ്ങൾക്കായി തുറന്നുവെച്ചിട്ടുണ്ടാകും. ആർക്കുവേണമെങ്കിലും റൂമിലെത്തി ക്രിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്യുകയും ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്യാം. ഇന്ത്യൻ ടീമിലാണെങ്കിലും ചെന്നൈ ടീമിലാണെങ്കിലും ഒരുപോലെയാണ്. ഒരു താരത്തിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഓരോരുത്തരോട് സംസാരിക്കുമ്പോഴും ധോനി വ്യക്തമായി പറയും. ഇതു ആ താരത്തിന് വളരെ ഉപകാരപ്പെടും.' നെഹ്റ പറയുന്നു.

2011-ൽ ഇന്ത്യ ധോനിയുടെ ക്യാപ്റ്റൻസിയിൽ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോൾ നെഹറയും ടീമിന്റെ ഭാഗമായിരുന്നു. ഏറെ നാൾ കളിക്കാൻ അവസരം ലഭിക്കാതിരുന്ന നെഹ്റ പിന്നീട് തിരിച്ചെത്തുകയായിരുന്നു. പിന്നീട് കോലി ക്യാപ്റ്റനായിരുന്നപ്പോൾ നെഹ്റ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

Content Highlights: Ashish Nehra on MS Dhoni Cricket