മുംബൈ: 2005-ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏകദിനം ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല. 316 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അവസാന പന്തിൽ വിജയതീരത്തെത്തി. മൂന്നു വിക്കറ്റിന് വിജയിച്ച പാകിസ്താൻ പരമ്പര സമനിലയിലാക്കുകയും ചെയ്തു.

അന്നത്തെ മത്സരത്തിൽ വിക്കറ്റ് കീപ്പറായിരുന്ന എം.എസ് ധോനിയെ ആശിഷ് നെഹ്റ അധിക്ഷേപിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. പാകിസ്താന്റെ ഇന്നിങ്സിലെ നാലാം ഓവറിൽ ഷാഹിദ് അഫ്രീദിയെ പുറത്താക്കാൻ ലഭിച്ച അവസരം ധോനി കളഞ്ഞതാണ് നെഹ്റയെ ചൊടിപ്പിച്ചത്. നിരാശയിൽ നെഹ്റ ധോനിയെ തെറിവിളിച്ചു. മത്സത്തിൽ ഒമ്പത് ഓവർ എറിഞ്ഞ നെഹ്റക്ക് വിക്കറ്റൊന്നുമെടുക്കാനായിരുന്നില്ല. 75 റൺസ് വഴങ്ങുകയും ചെയ്തു.

ഇപ്പോൾ ധോനിയെ തെറിവിളച്ച ആ സംഭവം ഓർത്തെടുക്കുകയാണ് 38-കാരനായ നെഹ്റ. അന്ന് കളിക്കളത്തിലെ തന്റെ പെരുമാറ്റത്തിൽ കുറ്റബോധമുണ്ടെന്നും അതിൽ അഭിമാനിക്കുന്നില്ലെന്നും നെഹ്റ പറയുന്നു.

'അതിനു മുമ്പുള്ള പന്തിൽ അഫ്രീദി എന്നെ സിക്സർ അടിച്ചിരുന്നു. അതിന്റെ സമ്മർദ്ദത്തിലായിരുന്നു ഞാൻ. അടുത്ത പന്തിൽ പുറത്താക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുത്തിയതോടെ എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. തെറിവിളിച്ചെങ്കിലും മത്സരശേഷം ധോനി എന്നോട് പരിഭവമൊന്നും കാണിച്ചില്ല. പക്ഷേ അതൊന്നും എന്റെ സ്വഭാവത്തെ ന്യായീകരിക്കുന്നതല്ല.' നെഹ്റ പറയുന്നു.

content highlights: Ashish Nehra on hurling abuses at MS Dhoni in 2005