മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സെപ്റ്റംബര്‍ 17 മുതല്‍ യു.എ.ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്. യു.എ.ഇയിലെ പിച്ച് പരിഗണിച്ച് രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, ആര്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

15 അംഗ സംഘത്തോടൊപ്പം മൂന്നു റിസര്‍വ് താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പം യു.എ.ഇയിലെത്തും. പരിശീലകനും ക്യാപ്റ്റനും പ്ലെയിങ് ഇലവനില്‍ പരീക്ഷണം നടത്താന്‍ മാത്രമുള്ള താരസമ്പത്ത് ഇന്ത്യക്കുണ്ട്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഒരു താരം സ്ഥിരമായി സ്ഥാനം കണ്ടെത്തുമെന്നാണ് ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ പറയുന്നത്. 

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആ താരം. ജഡേജയുടെ ഫോം തന്നെയാണ് അതിനു കാരണം. ഈ  ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന ജഡേജ 10 മത്സരങ്ങളില്‍ നിന്ന് 179 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്.

'കഴിഞ്ഞ രണ്ടു വര്‍ഷമായി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുക്കുന്നത്. ബൗളിങ്ങിലും അദ്ദേഹത്തെ പ്രയോജനപ്പെടുത്താം. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു നിര്‍ണായക വിക്കറ്റുമെടുത്തു. ഇനി ബാറ്റിങ്ങിന്റെ കാര്യമാണെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുക്കുന്നത്. നിര്‍ണായക സമയത്ത് പ്രസിദ്ധ് കൃഷ്ണയെ സിക്‌സറിലേക്ക് പറത്തി. നമ്മള്‍ എം.എസ് ധോനി, ആന്ദ്രെ റസ്സല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ജഡേജയും അതുപോലെയാണ് ബാറ്റു ചെയ്യുന്നത്. ചെന്നൈയ്ക്കായി മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുക്കുന്നത്.'

പ്ലെയിങ് ഇലവനെ കുറിച്ച് ആലോചിക്കുമ്പോള്‍ കോച്ച് ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ കോലിയുടേയും മെന്റര്‍ ധോനിയുടേയും മനസ്സിലെത്തുന്ന ആദ്യ പേര് രവീന്ദ്ര ജഡേജ തന്നെയാകും', നെഹ്‌റ ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.  

ഐപിഎല്ലില്‍ കഴിഞ്ഞ മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയത്തില്‍ ജഡേജയുടെ പ്രകടനം നിര്‍ണായകമായി. എട്ടു പന്തില്‍ 22 റണ്‍സെടുത്ത താരം ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Ashish Nehra on a CSK star who can do wonders in T20 WC