കൊല്‍ക്കത്ത:  ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആശിഷ് നെഹ്‌റയ്ക്ക് ഗ്രൗണ്ടിനെയും ഗാലറിയെയും അങ്ങനെയൊന്നും വിട്ടുപോകാനാവില്ല.  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കൊല്‍ക്കത്ത ടെസ്റ്റിനിടെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തി നെഹ്‌റ അത് തെളിയിക്കുകയും ചെയ്തു. മഴ രസംകൊല്ലിയായ മത്സരത്തില്‍ പുതിയ വേഷപ്പകര്‍ച്ചയിലെത്തിയ നെഹ്‌റയായിരുന്നു താരം. ടെസ്റ്റില്‍ കമന്റേറ്ററായിട്ടായിരുന്നു നെഹ്‌റയുടെ വേഷപ്പകര്‍ച്ച.

കോട്ടും സ്യൂട്ടുമെത്തിയ നെഹ്‌റയെ കണ്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. നെഹ്‌റയെ ബിഗ് സ്‌ക്രീനില്‍ കാണിച്ചപ്പോഴായിരുന്നു എല്ലാവരും ചിരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍ എന്നിവരുമായി നെഹ്‌റ സംസാരിച്ചു. 

കളിക്കാരന്റെ കഥാപാത്രത്തില്‍ നിന്ന് കമന്ററി ബോക്സിലേക്കുള്ള മാറ്റം താന്‍ ശരിക്കും ആസ്വദിക്കുന്നുവെന്നായിരുന്നു നെഹ്റയുടെ പ്രതികരണം. 18 വര്‍ഷത്തെ രാജ്യാന്തര കരിയറിന് ശേഷം നെഹ്‌റ ന്യൂസിലന്‍ഡിനെതിരായ ടിട്വന്റിക്ക് ശേഷം വിരമിക്കുകയായിരുന്നു. 

Content Highlights: Ashish Nehra India vs SriLanka Test Cricket