ന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളയ ആശിഷ് നെഹ്‌റ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ചുകുട്ടിയെ അഭിനന്ദിക്കുന്ന ചിത്രം  സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിരുന്നു. എന്നാൽ,  പിന്നീട് വർഷങ്ങൾക്കുശേഷം താൻ പണ്ട്  ഡല്‍ഹി സ്‌കൂളില്‍വെച്ച് സമ്മാനം നൽകിയ വിരാട് കോലി എന്ന ആ കൊച്ചു കുട്ടിയുടെ കീഴിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ചു നെഹ്​റ.

പരിക്ക് മൂലം ദേശീയ ടീമിൽ വന്നുംപോയുമിരുന്ന നെഹ്​റ കഴിഞ്ഞ പതിനെട്ട് വർഷത്തിനിടെ കോലി അടക്കം ഏഴ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് കളിച്ചിട്ടുള്ളത്. ഇങ്ങനെ ഒരുപക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൽ ഒരാളേ ഉണ്ടാവൂ. ലോകക്രിക്കറ്റിൽ തന്നെ ഷാഹിദ് അഫ്രീദിയും ചന്ദർപോളും മാത്രമാണ് നെഹ്​റയേക്കാൾ കൂടുതൽ ക്യാപ്റ്റന്മാർക്ക് കീഴിൽ കളിച്ചിട്ടുള്ളത്.

20-ാം വയസ്സിലാണ് നെഹ്‌റ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. 1999ല്‍ മുഹമ്മദ് അസറുദ്ദീന്‍ കീഴില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ. 2001ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഏകദിനത്തില്‍ അരങ്ങേറി. 2009ല്‍ എം.എസ്.ധോനിക്ക് കീഴില്‍ ടിട്വന്റി ക്രിക്കറ്റിലേക്കും ചുവടുവച്ചു. ഇവരെ കൂടാതെ വിരാട്‌കോലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് കീഴിലാണ് നെഹ്‌റ കളിച്ചിട്ടുള്ളത്. 

പരിക്കേറ്റ് ഓരോ തവണ പുറത്തേക്ക് പോകുമ്പോഴും ഓരോ കാലഘട്ടത്തിലെ ടീമിനൊപ്പൊവും അദ്ദേഹം  കൂടുതല്‍ കരുത്താര്‍ജിച്ച് തിരിച്ചെത്തി. ബൗളര്‍മാരുടെ ശവപ്പറമ്പായ ടിട്വന്റി ക്രിക്കറ്റ് മൈതാനങ്ങളിലും നെഹ്‌റ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

18 വര്‍ഷം മുമ്പ് അസ്ഹറുദ്ദീന് കീഴിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും വിരാട് കോലിക്ക് കീഴിലും ചെറുപ്പത്തിന്റെ വീറോടെയാണ്  നെഹ്‌റ ഇപ്പോഴും കളത്തിലിറങ്ങുന്നത്. 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നെഹ്‌റ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പിലും ധോണിക്ക് കീഴില്‍ നെഹ്‌റ കളിച്ചിട്ടുണ്ട്.