മുംബൈ: പാടത്തും പറമ്പിലുമെല്ലാം ടെന്നീസ് പന്തുകൊണ്ട് ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ഒരു കാലം എല്ലാവർക്കുമുണ്ടാകും. ഇന്ത്യയുടെ മുൻതാരം ആശിഷ് നെഹ്റയ്ക്കും അങ്ങനെ ഒരുപാട് ഓർമകൾ പങ്കുവെയ്ക്കാനുണ്ട്. ക്രിക്കറ്റ് കളിക്കുന്ന കാലം മുതൽ കൂടെയുള്ള ആകാശ് ചോപ്രയോട് ആ ഓർമകൾ നെഹ്റ പങ്കുവെച്ചു. ആകാശ് ചോപ്രയുടെ ആകാശ് വാണി എന്ന പരിപാടിയിലായിരുന്നു ഇത്.

സോണെറ്റ് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുമിച്ചു കളിച്ച നെഹ്റയും ചോപ്രയും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരങ്ങളായിരുന്നു. നല്ല ബ്രാൻഡിന്റെ സ്പോർട്സ് ഷൂ വാങ്ങാൻ പണമില്ലാതിരുന്ന ആ കാലത്ത് നെഹ്റ ഉപയോഗിച്ചിരുന്ന ഷൂവിനെ കുറിച്ചായിരുന്നു ആകാശിന്റെ ആദ്യ ചോദ്യം.

'രഞ്ജി ട്രോഫിയിലാണ് നല്ല ഷൂ ധരിച്ച് ഞാൻ കളിക്കാൻ തുടങ്ങിയത്. ഒരൊറ്റ ജോഡി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1999-ൽ ആദ്യമായി ടെസ്റ്റ് കളിച്ചതും ആ ഷൂ ധരിച്ചാണ്. ഓരോ ഇന്നിങ്സ് കഴിയുമ്പോഴും ആ ഷൂവിലെ കീറിയ ഭാഗങ്ങൾ ഞാൻ തുന്നിക്കെട്ടി. അങ്ങനെ ആ ടെസ്റ്റ് മുഴുവനും ആ ഷൂവും ധരിച്ച് കളിച്ചു-' നെഹ്റ ഓർത്തെടുക്കുന്നു.

ഡൽഹി റെയിൽവേ സ്റ്റേഷനിൽ ക്ലബ്ബിന്റെ ബൗളിങ് കോച്ചിനൊപ്പം ബൗളിങ് ആക്ഷൻ പരിശീലച്ചതിനെ കുറിച്ചായിരുന്നു ചോപ്രയുടെ അടുത്ത ചോദ്യം. അന്ന് പന്തിന് പകരം കല്ല് എറിഞ്ഞാണ് കോച്ചിന് ഓരോ ബൗളിങ് ആക്ഷനും കാണിച്ചുകൊടുത്തിരുന്നതെന്ന് നെഹ്റ പറയുന്നു.

'ഞാൻ ഒറ്റയ്ക്കായിരുന്നു. ഞങ്ങൾ ഒരു കൂട്ടം കുട്ടികളുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ സറിനെ യാത്ര അയക്കാൻ പോകുന്നതായിരുന്നു ഞങ്ങൾ. അപ്പോഴെല്ലാം വ്യത്യസ്ത ബൗളിങ് ആക്ഷനുകൾ സർ ഞങ്ങളെ പഠിപ്പിക്കും. ഞങ്ങളോട് അതുപോലെ കാണിക്കാൻ പറയും. അവിടെയുണ്ടായിരുന്ന ചെറിയ കല്ലുകൾ പന്തുപോലെ എറിഞ്ഞ് ഞങ്ങൾ ആക്ഷൻ കാണിക്കും.' നെഹ്റ ആരാധകർക്കായി ഓർമകൾ പങ്കുവെയ്ക്കുന്നു.

കൊളംബോയിൽ നടന്ന ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയ്ക്കെതിരേയാണ് നെഹ്റ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അന്ന് നെഹ്റ ഒരു വിക്കറ്റ് വീഴ്ത്തി. മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.

Content Highlights: Ashish Nehra gets nostalgic during chat with Aakash Chopra