ബുധനാഴ്ച്ച ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ന്യുസീലന്‍ഡിനെതിരായ ടിട്വന്റി കൂടി കളിച്ചാല്‍ ആശിഷ് നെഹ്‌റയെന്ന ഇന്ത്യന്‍ താരത്തിന്റെ കരിയറിന് അവിടെ വിരാമം കുറിക്കും. 20 വര്‍ഷത്തെ കരിയറില്‍ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ 163 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. 

ഉയര്‍ച്ചയും താഴ്ച്ചയും കണ്ട കരിയറിനിടയില്‍ ഒരൊറ്റ കാര്യത്തില്‍ മാത്രമേ നെഹ്‌റയ്ക്ക് വിഷമമുള്ളു.  2003ലെ ലോകകപ്പ് ഫൈനലില്‍ തോറ്റതില്‍. ഓടാന്‍ കഴിയുന്നിടത്തോളം കാലം ഓടി നോക്കിയെന്നും ഇനി താന്‍ നടക്കേണ്ട കാലമാണെന്നും നെഹ്‌റ വ്യക്തമാക്കി. തന്‌റെ വിടവാങ്ങല്‍ മത്സരത്തിന് മുന്നോടിയായി പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നെഹ്‌റ. 

'ക്രിക്കറ്റ് കരിയറിന് സമാപനം കുറിക്കാന്‍ പോകുകയാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ സംഭവബഹുലമായിരുന്നു. ഇനിയുള്ള 20 വര്‍ഷങ്ങളെയാണ് ഞാനിപ്പോള്‍ നോക്കികാണുന്നത്. 1977ല്‍ ഡല്‍ഹിയില്‍ ക്രിക്കറ്റ് ആരംഭിച്ചതു മുതലുള്ള പോലെത്തന്നെ ഇനിയുള്ള വര്‍ഷങ്ങളും സംഭവബഹുലമാവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

ഇത് മഹത്തരമായ ഒരു യാത്രയായിരുന്നു. പക്ഷേ എനിക്കൊരു കാര്യത്തില്‍ മാത്രം സങ്കടമുണ്ട്. ഈ 20 വര്‍ഷത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ മാറ്റം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് 2003ലെ ലോകകപ്പ് ഫൈനലാണ്. ജോഹന്നാസ്‌ബെര്‍ഗിലെ ആ ഉച്ചനേരം ഒരിക്കലും മറക്കില്ല. ഓസ്‌ട്രേലിയയോട് തോറ്റ ആ നിമിഷവും. അതെല്ലാം വിധിയുടെ വിളയാട്ടമാണ്.

നിങ്ങള്‍ക്ക് കുതിച്ചോടാന്‍ കഴിയുമോ?, എങ്കില്‍ കുതിക്കണം. അതിന് കഴിയില്ലെങ്കില്‍ ഓടണം. ഇനി ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കണം. അതിനും പറ്റിയില്ലെങ്കില്‍ അവിടെ അവസാനിപ്പിക്കരുത്. ഇഴഞ്ഞെങ്കിലും മുന്നോട്ടുപോകണം'. നെഹ്‌റ പറയുന്നു. 

അസറുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ സ്റ്റേഡിയത്തില്‍ കളി തുടങ്ങിയ നെഹ്റ വിരമിക്കാനുള്ള വേദിയായും തിരഞ്ഞെടുത്തത് ആ സ്റ്റേഡിയം തന്നെയാണ്. ഏഴു ക്യാപ്റ്റന്‍മാരുടെ കീഴില്‍ 18 വര്‍ഷത്തെ കരിയറിനാണ് ഇതോടെ ഇന്ത്യയുടെ ഇടങ്കയ്യന്‍ പേസര്‍ വിരാമമിടുന്നത്.

1999ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റിലൂടെയാണ് നെഹ്റ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറില്‍ 44 ടെസ്റ്റ് വിക്കറ്റും 157 ഏകദിന വിക്കറ്റും 34 ടിട്വന്റി വിക്കറ്റുമാണ് നെഹ്റയുടെ കരിയറിലുള്ളത്. 2012 മുതല്‍ 2016 വരെ ഐ.പി.എല്ലില്‍ കളിച്ച നെഹ്റ നാലു ടീമുകളുടെ ഭാഗമാവുകയും ചെയ്തു.

Content Highlights: Ashish Nehra Retirement Cricket Career India vs Newzealand Twenty Twenty