ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ന്യൂസീലന്‍ഡിനെതിരെ ആശിഷ് നെഹ്‌റ കളിക്കാനിറങ്ങുമ്പോള്‍ അത് ഇന്ത്യന്‍ താരത്തിന്റെ അവസാന മത്സരമാകും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഒരു അങ്കത്തിന് താനില്ലെന്നും കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ വിരമിക്കുന്നതാണ് ഉചിതമെന്നും നെഹ്‌റ വ്യക്തമാക്കി.

അസറുഹദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിൽ കളി തുടങ്ങിയ നെഹ്‌റ വിരമിക്കാനുള്ള വേദിയായും തിരഞ്ഞെടുത്തത് ആ സ്‌റ്റേഡിയം തന്നെയാണ്. ഏഴു ക്യാപ്റ്റന്‍സിയില്‍ 18 വര്‍ഷത്തെ കരിയറിനാണ് ഇതോടെ ഇന്ത്യയുടെ ഇടങ്കയ്യന്‍ പേസര്‍ വിരാമമിടുന്നത്.

ന്യൂഡല്‍ഹിയില്‍ നടന്ന വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ നെഹ്‌റ പറഞ്ഞതും ഇതൊക്കെ തന്നെയാണ്. ' ഇതിനേക്കാള്‍ മികച്ചൊരു അവസരം ഇനി ലഭിക്കില്ല. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളി അവസാനിപ്പിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുമ്പോഴല്ല വിരമിക്കേണ്ടത്. മറിച്ച് നിങ്ങള്‍ വിരമിക്കുന്ന കാര്യം പറയുമ്പോള്‍ എന്തിനു വിരമിക്കുന്നുവെന്ന് ആളുകള്‍ ചോദിക്കണം. അതാണ് കളി മതിയാക്കാനുള്ള കൃത്യമായ സമയവും' നെഹ്‌റ പറയുന്നു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് എന്നെ തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ കോലിയോടും രവി ശാസ്ത്രിയോടും പറഞ്ഞിരുന്നു. എനിക്ക് വിരമിക്കാനുള്ള സമയമായിട്ടുണ്ടെന്ന്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി എന്റെ ആവശ്യമില്ല. നെഹ്‌റ വ്യക്തമാക്കി.

1999ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റിലൂടെയാണ് നെഹ്‌റ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 44 ടെസ്റ്റ് വിക്കറ്റും 157 ഏകദിന വിക്കറ്റും 34 ടിട്വന്റി വിക്കറ്റുമാണ് നെഹ്‌റയുടെ കരിയറിലുള്ളത്.  2012 മുതല്‍ 2016 വരെ ഐ.പി.എല്ലില്‍ കളിച്ച നെഹ്‌റ നാലു ടീമുകളുടെ ഭാഗമാവുകയും ചെയ്തു.

നെഹ്‌റയുടെ കളി ഇനി കാണാന്‍ കഴിയില്ലെന്ന സങ്കടത്തിലാണ് ആരാധകര്‍. നെഹ്‌റയുടെ വിമാനം പറക്കുന്ന പോലെയുള്ള വിക്കറ്റാഘോഷം ഇനി കാണാനാവില്ലെന്ന സങ്കടം ആരാധകര്‍ പങ്കുവെയ്ക്കുന്നു. 90കളില്‍ കണ്ട കളിയുടെ അവസാന കഷ്ണവും മുറിഞ്ഞു പോവുന്നു എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.