പെര്‍ത്ത്: ആഷസ് മൂന്നാം ടെസ്റ്റില്‍ വാലറ്റം അപ്രതീക്ഷിത പ്രകടനം പുറത്തെടുത്താല്‍ ഇനി ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കാം. ഇല്ലെങ്കില്‍ മത്സരവും പരമ്പരയും ഓസീസ് പേസ് പടയ്ക്ക് മുന്നില്‍ അടിയറവെയ്ക്കാം. നാലാം ദിനം കളിയിലുടനീളം വ്യക്തമായ ആധിപത്യം ഓസിസിനാണ്. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് തകര്‍ച്ച നേരിടുകയാണ്. മഴമൂലം മത്സരം തടസപ്പെടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്‌സില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറി പ്രകടനവുമായി ടീമിനെ നയിച്ച മലാനും (62 പന്തില്‍ 28 റണ്‍സ്) ബരിസ്‌റ്റോയുമാണ് (25 പന്തില്‍ 14 റണ്‍സ്‌) ക്രീസില്‍. 

ഒരു ദിവസത്തിലേറെ കളി ബാക്കിനില്‍ക്കെ ഓസീസിനെക്കാള്‍ 127 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. ഓസീസിനായി ഹാസല്‍വുഡ് രണ്ടും സ്റ്റാര്‍ക്കും ലയണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 549 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ബാറ്റിങ്ങ് ആരംഭിച്ച ഓസീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 662 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി കുറിച്ച ക്യാപ്റ്റന്‍ സ്മിത്തും, കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ മിച്ചര്‍ മാര്‍ഷുമാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 301 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി, 57 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഇത്. 

Content Highlights: Ashes Third Test Australia VS England