പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഭേദപ്പെട്ട സ്‌കോറിലേക്ക്. 131 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ഡേവിഡ് മലാനും ബെയര്‍സ്‌റ്റോയുമാണ് കരകയറ്റിയത്.

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പിരിയാതെ 174 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ ദിനം മത്സരം നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 110 റണ്‍സോടെ മലാനും 75 റണ്‍സോടെ ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. 

സ്‌കോര്‍ 26 റണ്‍സില്‍ നില്‍ക്കെ 150-ാം മത്സരം കളിക്കുന്ന കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 7 റണ്‍സെടുത്ത കുക്ക് സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. പിന്നാലെയെത്തിയ ജെയിംസ് വിന്‍സും ക്യാപ്റ്റന്‍ റൂട്ടും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.

110 പന്തുകള്‍ നേരിട്ട് 56 റണ്‍സെടുത്ത ത്ത ശേഷമാണ് സ്റ്റോണ്‍മാന്‍ പുറത്തായത്, സ്റ്റാര്‍ക്കിനാണ് വിക്കറ്റ്‌. ആദ്യ രണ്ട് ടെസ്റ്റുകളും അടിയറ പറഞ്ഞ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റിലും തോറ്റാല്‍ പരമ്പര നഷ്ടമാകും. 1978-ന് പെര്‍ത്തില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല.