പെര്‍ത്ത്: ആഷസ് ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്ന ആരോപണവുമായി ബ്രിട്ടീഷ് മാധ്യമം. പെര്‍ത്തില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മൂന്നാം ആഷസ് ടെസ്റ്റില്‍ ഒത്തുകളി നടന്നതായി ദി സണ്‍ ആരോപിക്കുന്നു.
കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള ഒരു വാതുവെയ്പ്പുകാരനെ തങ്ങള്‍ക്കറിയാമെന്നും ഇയാള്‍ ദി സൈലന്റ് മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും വെളിപ്പെടുത്തുന്നുണ്ട്.
ഏകദേശം ഒരു കോടി 21 ലക്ഷം രൂപ നല്‍കിയാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് വാതുവെയ്പ്പുകാരന്‍ തങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞതായും ദി സണ്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
പെര്‍ത്തില്‍ നടക്കുന്ന മത്സരത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഒരു ഓവറില്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന് തങ്ങള്‍ക്ക് പറയാന്‍ കഴിയുമെന്നും വാതുവെയ്പ്പുകാരന്‍ വെളിപ്പെടുത്തുന്നു. രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് സണ്‍ പുറത്തുവിട്ടത്. ഇതില്‍ ഒരാള്‍ മിസ്റ്റര്‍ ബിഗ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ വംശജനാണ്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ഐ.സി.സി. ആന്റി കറപ്ഷന്‍ ചീഫ് അലക്‌സ് മാര്‍ഷെല്‍ രംഗത്തെത്തി. പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ മാര്‍ഷെല്‍ ഈ ആരോപണം ഐ.സി.സി ഗൗരവത്തിലാണെടുക്കന്നതെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും വ്യക്തമാക്കി.
ഒത്തുകളി ആരോപണം നിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും രംഗത്തെത്തി. നേരത്തെ ആദ്യ രണ്ടു ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ഇരുടീമുകളിലെയും കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
The third #Ashes Test has been rocked by attempted allegations of spot-fixing. #9News pic.twitter.com/ETkYsTme47
— Nine News Australia (@9NewsAUS) December 14, 2017