ബര്‍മിങ്ങാം: ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇങ്ങനെ തോല്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മത്സരം സമനിലയിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഓസ്ട്രേലിയയുടെ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 146 റണ്‍സിന് പുറത്തായി. ഇതോടെ ഓസീസ് 251 റണ്‍സിന്റെ കൂറ്റന്‍ വിജയമാഘോഷിച്ചു.

20 ഓവറില്‍ 49 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്. 11.3 ഓവര്‍ എറിഞ്ഞ് നാല് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സ് ലിയോണിന് പിന്തുണ നല്‍കി. ജേസണ്‍ റോയിക്കും ജോ റൂട്ടിനും ബെന്‍ സ്‌റ്റോക്ക്‌സിനും ലിയോണിന് മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ടെസ്റ്റില്‍ ലിയോണ്‍ 350 വിക്കറ്റും പൂര്‍ത്തിയാക്കി.

ഇതിന് പിന്നാലെ ബിഗ് ബാഷ് ലീഗിലെ ടീം സിഡ്‌നി സിക്‌സേഴ്‌സ് നഥാന്‍ ലിയോണിനെ അഭിനന്ദിച്ച് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹോളിവുഡ് അനിമേഷന്‍ ചിത്രം ലയണ്‍ കിങ്ങായാണ് ലിയോണിനെ ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

 

Content Highlights: Ashes Test Nathan Lyon  England vs Australia Cricket