പെര്‍ത്ത്: ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ 403 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന ശക്തമായ നിലയിലാണ്. 92 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഏഴു റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍.

25 റണ്‍സെടുത്ത ബാന്‍ക്രോഫ്റ്റ്, 22 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 50 റണ്‍സടിച്ച ഉസ്മാന്‍ ഖ്വാജ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റില്‍ സ്മിത്തും ഖ്വാജയും ചേര്‍ന്ന് നേടിയ 124 റണ്‍സ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ടിന് 98 റണ്‍സ് കൂടിയേ സ്‌കോറിനോട് കൂട്ടിച്ചേര്‍ക്കാനായുള്ളു. 140 റണ്‍സ് നേടിയ മലന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ മോയിന്‍ അലി പൂജ്യത്തിന് പുറത്തായി. എന്നാല്‍ സെഞ്ചുറി പ്രകടനവുമായി ബെയര്‍‌സ്റ്റോ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 400 കടത്തുകയായിരുന്നു. ബെയര്‍സ്‌റ്റോ 119 റണ്‍സടിച്ചപ്പോള്‍ വോക്‌സ് എട്ടും ഒവര്‍ട്ടെന്‍ രണ്ടു റണ്‍സുമാണ് നേടിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് 12 റണ്‍സെടുത്ത് പുറത്തായി.

ആദ്യ രണ്ടു ടെസ്റ്റുകളും അടിയറ പറഞ്ഞ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റിലും തോറ്റാല്‍ പരമ്പര നഷ്ടമാകും. 1978-ന് ശേഷം പെര്‍ത്തില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. 

Content Highlights: Ashes Test England vs Australia Steve Smith Cricket