ബ്രിസ്ബെയ്ന്‍: ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയത്തിലേക്ക്. പത്ത് വിക്കറ്റും ഒരു ദിവസവും കൈയിലിരിക്കെ ഓസീസിന് 57 റണ്‍സെടുക്കാനായാല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 195 റണ്‍സിന് ഒതുക്കിയ കംഗാരുക്കള്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 114 റണ്‍സെന്ന നിലയിലാണ്.

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 170 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഓസീസിനായി ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും വാര്‍ണറുമാണ് ക്രീസിലുള്ളത്. ബാന്‍ക്രോഫ്റ്റ് 119 പന്തില്‍ 51 റണ്‍സും വാര്‍ണര്‍ 86 പന്തില്‍ 60 റണ്‍സുമാണ് ഇതുവരെ നേടിയത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് പിടിച്ചുനില്‍ക്കാനാകാതെ ഓരോരുത്തരായി ക്രീസ് വിടുകയായിരുന്നു. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക്, ഹെയ്‌സെല്‍വുഡ്,ലിയോണ്‍ എന്നിവരുടെ ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നു. 51 റണ്‍സ് നേടി ജോ റൂട്ട്, 40 റണ്‍സടിച്ച മോയിന്‍ അലി, 42 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോ എന്നവിരാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 

നേരത്തെ ഒന്നാമിന്നിങ്‌സില്‍ തകര്‍ച്ചയിലേക്ക് വീണ കംഗാരുക്കളെ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് സ്മിത്ത് കര കയറ്റുകയായിരുന്നു. 326 പന്തില്‍ 14 ഫോറിന്റെ അകമ്പടിയോടെ പുറത്താകാതെ 141 റണ്‍സ് നേടിയ സ്മിത്തിന്റെ മികവില്‍ ഓസീസ് 328 റണ്‍ടിച്ച് 26 റണ്‍സിന്റെ ലീഡ് നേടി. 51 റണ്‍സുമായി ഷോണ്‍ മാര്‍ഷും 42 റണ്‍സുമായി കുമ്മിന്‍സും സ്മിത്തിന് പിന്തുണ നല്‍കി. 

സ്മിത്തും മാര്‍ഷും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 99 റണ്‍സിന്റെ കൂട്ടുകെട്ടും എട്ടാം വിക്കറ്റില്‍ കുമ്മിന്‍സിനെ കൂട്ടുപിടിച്ച് സ്മിത്തുണ്ടാക്കിയ 66 റണ്‍സും ഓസീസിന്റെ ഇന്നിങ്സില്‍ നിര്‍ണായകമാകുകയായിരുന്നു. 

ഓസ്‌ട്രേലിയയുടെ തുടക്കം തന്ന തകര്‍ച്ചയോടെയായിരുന്നു. 76 റണ്‍സെടുക്കുന്നതിനിടയില്‍ കംഗാരുക്കള്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. അഞ്ചു റണ്‍സുടെത്ത ബാന്‍ക്രോഫ്റ്റ്, 26 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 11 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ, 14 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. 

നേരത്തെ അര്‍ധസെഞ്ചുറി നേടിയ സ്റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 302 റണ്‍സടിച്ചത്. സ്റ്റോന്‍മാന്‍ 159 പന്തില്‍ 53 റണ്‍സും വിന്‍സെ 170 പന്തില്‍ 83 റണ്‍സുമടിച്ചു. 130 പന്തില്‍ നിന്നായിരുന്നു മലന്റെ 56 റണ്‍സ്.

Content Highlights: Ashes Test England vs Australia Cricket