ലോഡ്സ്: ഓസ്‌ട്രേലിയ ആടിയുലഞ്ഞിട്ടും  വീഴ്ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ആഷസ് രണ്ടാം ടെസ്റ്റില്‍ അവസാന ദിവസം ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 267 റണ്‍സിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിച്ചു. ഇതോടെ രണ്ടാം ആഷസ് ടെസ്റ്റ് സമനിലയിലായി. 

19 റണ്‍സിനിടയില്‍ ഓസ്‌ട്രേലിയക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. എന്നാല്‍ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയ മാര്‍നസ് ലബുഷെയ്‌ന്റെ പ്രകടനം ഓസീസിന് ആയുസ് നീട്ടി നല്‍കുകയായിരുന്നു. ലബുഷെയ്ന്‍ 100 പന്തില്‍ 59 റണ്‍സ് നേടി. ടെസ്റ്റ് കരിയറില്‍ ലബുഷെയ്‌ന്റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. 42 റണ്‍സോടെ പുറത്താകാതെ നിന്ന ട്രാവിസ് ഹെഡും ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 

രണ്ടാം ഇന്നിങ്സ് ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 115 റണ്‍സോടെ പുറത്താകാതെ നിന്ന് ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നയിച്ചത്. 

ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയേയും ജോ റൂട്ടിനേയും നഷ്ടപ്പെട്ടു. പിന്നീട് ബേണ്‍സും ഡെന്‍ലിയും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 26 റണ്‍സെടുത്ത ഡെന്‍ലിയെ പുറത്താക്കി സിഡ്ല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ബേണ്‍സും ക്രീസ് വിട്ടു.

പിന്നീട് സ്റ്റോക്‌സും ബട്ലറും ഒത്തുചേര്‍ന്നു. സ്റ്റോക്‌സുമായി 90 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ബട്ലര്‍ പുറത്തായി. 31 റണ്‍സായിരുന്നു ബട്ലറുടെ സമ്പാദ്യം. കമ്മിന്‍സിനാണ് വിക്കറ്റ്. 

ആറാം വിക്കറ്റില്‍ സ്റ്റോക്‌സും ബെയര്‍സ്റ്റോവും മികച്ച രീതിയില്‍ മുന്നേറവെയാണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഇരുവരും പുറത്താകാതെ 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോക്‌സ് 165 പന്തില്‍ 115 റണ്‍സും ബെയര്‍സ്റ്റോ 37 പന്തില്‍ 30 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 

ആദ്യ ഇന്നിങ്സില്‍ 258 റണ്‍സെടുത്ത ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 250 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് എട്ടു റണ്‍സ് ലീഡ് കിട്ടി. ഒന്നാമിന്നിങ്സില്‍ 92 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന് ബാറ്റിങ്ങിനിടെ പരിക്കേറ്റിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിങ്സില്‍ മാര്‍നസ് ലബുഷെയ്ന്‍ സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങി. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന ഐ.സി.സി.യുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ.

Content Highlights: Ashes Test England vs Australia Ben Stokes Century