മെല്‍ബണ്‍:  ആഷസ് പരമ്പര കൈവിട്ടെങ്കിലും ആശ്വാസജയം കണ്ടെത്താനുള്ള പോരാട്ടത്തിലാണ് ഇംഗ്ലണ്ട്. നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരെ ഇംഗ്ലണ്ട് പൊരുതുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിട്ടുണ്ട്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് കൂടി വേണം. 

സെഞ്ചുറിയടിച്ച അലെസ്‌റ്റെയര്‍ കുക്കും 49 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. 166 പന്തില്‍ 15 ഫോറിന്റെ അകമ്പടിയോടെ കുക്ക് 104 റണ്‍സെടുത്തിട്ടുണ്ട്. 35 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തും മുമ്പ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 15 റണ്‍സെടുത്ത സ്റ്റോണ്‍മാനെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. പിന്നീട് 17 റണ്‍സുമായി വിന്‍സെയും പുറത്തായി. വിന്‍സെയെ ഹെയ്‌സെല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 

നേരത്തെ ഓസ്‌ട്രേലിയ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറി അടിച്ച സ്റ്റീവന്‍ സ്മിത്തിന്റെയും ഷോണ്‍ മാര്‍ഷിന്റെയും മികവിലാണ് 327 റണ്‍സ് അടിച്ചെടുത്തത്. രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേയയ്ക്ക് കൂറ്റന്‍ സ്‌കോറിലെത്താനുള്ള അവസരമുണ്ടായിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയന്‍ വാലറ്റത്തെ തകര്‍ത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറില്‍ നിന്നും തടഞ്ഞു. ബ്രോഡ് നാല് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്‌സണ്‍ മൂന്നും വോക്ക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 

ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് വാര്‍ണര്‍ സെഞ്ചുറിയിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 99-ല്‍ നില്‍ക്കെ അരങ്ങേറ്റക്കാരന്‍ ഫാസ്റ്റ്ബൗളര്‍ ടോം കറന്റെ പന്തില്‍ വാര്‍ണര്‍ പുറത്തായെങ്കിലും നോബോള്‍ ആയതിനാല്‍  ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് 21-ാം ടെസ്റ്റ് സെഞ്ചുറിയും വാര്‍ണര്‍ പൂര്‍ത്തിയാക്കി. സ്മിത്ത് 76 റണ്‍സടിച്ചപ്പോള്‍ ഷോണ്‍ മാര്‍ഷ് 61 റണ്‍സ് നേടി.