ബ്രിസ്‌ബെയ്ന്‍: ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 302 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന  നിലയിലാണ്.

ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് 137 റണ്‍സ് കൂടി വേണം. 64 റണ്‍സുമായി സ്റ്റീവ് സ്മിത്തും 44 റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. 

ഓസ്‌ട്രേലിയയുടെ തുടക്കം തന്ന തകര്‍ച്ചയോടെയായിരുന്നു. 76 റണ്‍സെടുക്കുന്നതിനിടയില്‍ കംഗാരുക്കള്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. അഞ്ചു റണ്‍സുടെത്ത ബാന്‍ക്രോഫ്റ്റ്, 26 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 11 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ, 14 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ സ്മിത്തും മാര്‍ഷും കൂട്ടുകെട്ടുണ്ടാക്കി ഓസീസിനെ തിരിച്ചുപിടിക്കുകയായിരുന്നു. 

നേരത്തെ അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 102 റണ്‍സടിച്ചത്. സ്‌റ്റോന്‍മാന്‍ 159 പന്തില്‍ 53 റണ്‍സും വിന്‍സെ 170 പന്തില്‍ 83 റണ്‍സുമടിച്ചു. 130 പന്തില്‍ നിന്നായിരുന്നു മലന്റെ 56 റണ്‍സ്.