സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ചാം ദിനം ചെറുത്ത് നിന്ന് സമനില സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിന് സോഷ്യല്‍ മീഡിയയുടെ അഭിന്ദനം.

അഞ്ചാം ദിനം മഴമൂലം ഒരു മണിക്കൂറോളം കളിമുടങ്ങിയെങ്കിലും ഓസീസ് ബൗളര്‍മാര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നായിരുന്നു ഇംഗ്ലണ്ടിന്റെ സമനില നേട്ടം.

രണ്ടാം ഇന്നിങ്‌സില്‍ 102 ഓവറുകള്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, കളിയവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലായിരുന്നു.

വാലറ്റത്ത് 34 പന്തുകള്‍ പ്രതിരോധിച്ച ജാക്ക് ലീച്ചും 35 പന്തുകള്‍ പ്രതിരോധിച്ച സ്റ്റുവര്‍ട്ട് ബ്രോഡും ആറ് പന്തുകള്‍ പിടിച്ചുനിന്ന അവസാന ബാറ്റര്‍ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചത്. 

92-ാം ഓവറില്‍ എട്ടാമനായി ജോണി ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ എട്ടു വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജാക്ക് ലീച്ചും സ്റ്റുവര്‍ട്ട് ബ്രോഡും ഒമ്പത് ഓവറുകളോളം ഓസീസ് ബൗളര്‍മാരെ പ്രതിരോധിച്ചു.

34 പന്തില്‍ 26 റണ്‍സെടുത്ത ജാക്ക് ലീച്ച് നൂറാം ഓവറിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കേണ്ടത് രണ്ട് ഓവറായിരുന്നു. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. ബ്രോഡും ആന്‍ഡേഴ്‌സണും പിടിച്ച് നിന്നതോടെ ഇംഗ്ലണ്ട് സമനില പിടിച്ചുവാങ്ങുകയായിരുന്നു.

Ashes Test England managed to hold a draw Twitter reacts

ചെറുത്ത് നിന്ന് സമനില നേടി ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിച്ചത്.

Ashes Test England managed to hold a draw Twitter reacts

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് നിരവധി ആരാധകര്‍ കുറിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ വസീം ജാഫറും മുരളി കാര്‍ത്തിക്ക് അടക്കമുള്ളവരുമെല്ലാം ഇക്കാര്യം ട്വിറ്റ് ചെയ്തിട്ടുണ്ട്. കളികാണുമ്പോള്‍ തനിക്ക് കണ്ണെടുക്കാന്‍ തോന്നിയില്ലെന്നാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ കുറിച്ചത്.

Content Highlights: Ashes Test England managed to hold a draw Twitter reacts