അഡ്ലെയ്ഡ്: രണ്ടാം ആഷസ് ടെസ്റ്റില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. എട്ടു വിക്കറ്റിന് 442 റണ്‍സെന്ന നിലയിലാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 231 പന്തില്‍ 126 റണ്‍സുമായി മാര്‍ഷ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 29 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയയെ മാര്‍ഷ്, ടിം പെയ്‌നെ, പാറ്റ് കുമ്മിന്‍സ് എന്നിവരുടെ ഇന്നിങ്‌സുകളാണ് മുന്നോട്ടുനയിച്ചത്. ടിം 57 റണ്‍സുമായി മാര്‍ഷിന് പിന്തുണ നല്‍കിയപ്പോള്‍ കുമ്മിന്‍സ് 44 റണ്‍സെടുത്തു പുറത്തായി. ഡിക്ലയര്‍ ചെയ്യുമ്പോള്‍ പത്ത് റണ്‍സുമായി ലിയോണായിരുന്നു മാര്‍ഷിനൊപ്പം ക്രീസില്‍. 

ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് 33 റണ്‍സെടുക്കുന്നതിനിടെ ബാന്‍ക്രോഫ്റ്റിനെ നഷ്ടപ്പെട്ടിരുന്നു. പത്തു റണ്‍സായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ സമ്പാദ്യം. ഡേവിഡ് വാര്‍ണര്‍ അര്‍ധസെഞ്ചുറിക്ക് മൂന്ന് റണ്‍സരികെ വെച്ച് പുറത്തായപ്പോള്‍ ഉസ്മാന്‍ ഖ്വാജ 53 റണ്‍സടിച്ചെടുത്തു.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 40 റണ്‍സാണ് സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ക്രെയ്ഗ് ഒവര്‍ട്ടെനാണ് സ്മിത്തിന്റെ വിക്കറ്റെടുത്തത്. നേരത്തെ ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു.

Content Highlights: Ashes Test Cricket England vs Australia  Shaun Marsh