സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ പിടിച്ച് ഇംഗ്ലണ്ട്. വാലറ്റക്കാരായ ജാക്ക് ലീച്ചും സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സണും അഞ്ചാം ദിനം പിടിച്ചുനിന്നതോടെയാണ് ഇംഗ്ലണ്ട് പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മത്സരം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലായിരുന്നു.

മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രാവ്‌ലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. 

ജോണി ബെയര്‍സ്‌റ്റോ പുറത്താകുമ്പോള്‍ എട്ടു വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജാക്ക് ലീച്ചും സ്റ്റുവര്‍ട്ട് ബ്രോഡും പ്രതിരോധിച്ചുനിന്നു. 34 പന്തില്‍ 26 റണ്‍സെടുത്ത ജാക്ക് ലീച്ച് നൂറാം ഓവറിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കേണ്ടത് രണ്ട് ഓവറായിരുന്നു. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. 35 പന്തില്‍ എട്ടു റണ്‍സോടെ ബ്രോഡും ആറു പന്തില്‍ അക്കൗണ്ട് തുറക്കാതെ ആന്‍ഡേഴ്‌സണും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് മൂന്നു വിക്കറ്റും പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

നേരത്തെ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിങ്സില്‍ ആറിന് 265 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മുന്നില്‍ വെച്ചത് 388 റണ്‍സ് വിജയലക്ഷ്യമാണ്. 
രണ്ടാം ഇന്നിങ്സില്‍ 86 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഖവാജ - കാമറൂണ്‍ ഗ്രീന്‍ സഖ്യമാണ്. 179 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പിരിഞ്ഞ ശേഷം അധികം വൈകാതെ ഓസീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 

ഗ്രീന്‍ 122 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഏഴു ഫോറുമടക്കം 74 റണ്‍സെടുത്തു. ഖവാജ 138 പന്തില്‍ നിന്ന് 2 സിക്സും 10 ഫോറുമടക്കം 101 റണ്‍സ് നേടി. മാര്‍ക്കസ് ഹാരിസ് (27), ഡേവിഡ് വാര്‍ണര്‍ (3), മാര്‍നസ് ലബുഷെയ്ന്‍ (29), സ്റ്റീവ് സ്മിത്ത് (23), അലക്സ് കാരി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്‌സ് ഓസ്‌ട്രേലിയ എട്ടു വിക്കറ്റിന് 416 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ ഓസീസ് 122 റണ്‍സ് ലീഡ് നേടി. നേരത്തെ ആഷസിലെ ആദ്യ മൂന്നു ടെസ്റ്റിലും വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.

Content Highlights: Ashes Test Cricket England vs Australia Fourth Test Day 5