ഓവൽ: ആഷസ് കൈവിട്ടെങ്കിലും  പരമ്പരയിലെ അവസാന ടെസ്റ്റ് ജയിച്ച ആശ്വാസവുമായി  ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റിൽ 135 റൺസിന്റെ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്.

പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായെങ്കിലും ഓസ്ട്രേലിയ നേരത്തെ തന്നെ ആഷസ് സ്വന്തമാക്കിയിരുന്നു.

ജയിക്കാൻ രണ്ടാമിന്നിങ്സിൽ 399 റൺസ് വേണ്ടിയിരുന്ന  ഓസ്ട്രേലിയ 77 ഓവറിൽ 263 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 294 റൺസ്. മറുപടിയായി ഓസ്ട്രേലിയക്ക് 225 റൺസ് മാത്രമാണ് നേടായത്. ഒന്നാമിന്നിങ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്സിൽ 329 റൺസെടുത്താണ് ഓസ്ട്രേലിയക്ക് മുന്നിൽ 399 റൺസിന്റെ വിജലക്ഷ്യം ഇട്ടുകൊടുത്തത്.

 സ്റ്റുവർട്ട് ബ്രോഡിന്റെയും ജാക് ലീച്ചിന്റെയും മാരക ബൗളിങ്ങാണ് പരമ്പരയിൽ ലീഡ് നേടിയിരുന്ന ഓസ്ട്രേലിയയെ മണ്ണു തൊടീച്ചത്. ഇരുവരും നാലു വിക്കറ്റ് വീതം പിഴുതി. ബ്രോഡ് 15 ഓവറിൽ 62 ഉം ലീച്ച് 22 ഓവറിൽ 49 റൺസാണ് വിട്ടുകൊടുത്തത്. ഒൻപത് ഓവർ മാത്രമെറിഞ്ഞ ജോ റൂട്ട് 26 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇവർക്ക് മുന്നിൽ ആഷസ് ഹീറോ സ്റ്റീവ് സ്മിത്ത് അടക്കമുള്ള ബാറ്റ്സ്മാന്മാർ ദയനീയമായി തകർന്ന നാലാം ദിനം ഓസീസ് നിരയിൽ പിടിച്ചുനിന്നത് നാലാം സെഞ്ചുറി നേടിയ മാത്യു വെയ്ഡ് മാത്രം. 258 മിനിറ്റ് ചെറുത്തുനിന്ന വെയ്ഡ് 166 പന്തിൽ നിന്ന് 117 റൺസെടുത്തു.
 മറ്റുള്ളവർക്കൊന്നും 25 റൺസിനപ്പുറം പോകാനായില്ല. സ്റ്റീവ് സ്മിത്ത് ഈ പരമ്പരയിലെ ഏറ്റവും മോശപ്പെട്ട സ്കോറാണ് നേടിയത്; 23 റൺസ്. മിച്ചൽ മാർഷ് 24 ഉം ക്യാപ്റ്റൻ ടിം പെയ്ൻ 21 ഉം ലബുഷെയ്ൻ 14 ഉം സിഡിൽ പുറത്താകാതെ 13 ഉം ഡേവിഡ് വാർണർ 11 ഉം റൺസെടുത്തു. മറ്റുള്ളവർക്ക് ഇരട്ടയക്കം കടക്കാനായില്ല.

 പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയയാണ്  സ്വന്തമാക്കിയത്. 251 റൺസ് ജയം. രണ്ടാം മത്സരം സമനിലയായി. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച് ഒപ്പമെത്തി. എന്നാൽ, നാലാം ടെസ്റ്റിൽ 185 റൺസ് ജയത്തോടെ ഒാസ്ട്രേലിയ വീണ്ടും മുന്നിലെത്തി.

ഇതോടെ ഇരു ടീമുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുവേണ്ടി 56 പോയിന്റ് സ്വന്തമാക്കി.

Content Highlights: Ashes Test Cricket England vs Australia