സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 346 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് 153 റണ്‍സ് കൂടി വേണം.

അഞ്ചു വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് 113 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളു. അവസാന മൂന്നു വിക്കറ്റുകള്‍ 11 റണ്‍സിനിടയില്‍ ഇംഗ്ലണ്ടിന് നഷ്ടമായി.ക്യാപ്റ്റന്‍ ജോ റൂട്ടും (83) ഡേവിഡ് മാലനും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് (62) വലിയ തകര്‍ച്ചയില്‍നിന്ന് ടീമിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  ഓസീസിനായി കുമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി. 

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഒരു റണ്ണെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ബാന്‍ക്രോഫ്റ്റ് അക്കൗണ്ട് തുറക്കും മുമ്പ് പുറത്താകുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖ്വാജയും ഡേവിഡ് വാര്‍ണറും പിടിച്ചു നിന്നു. ഇരുവരും 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

56 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായതോടെ ക്രീസിലെത്തിയ സ്മിത്ത് ഖ്വാജയ്ക്ക് മികച്ച പങ്കാളിയായി. ഇരുവരും പുറത്താകാതെ 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ഖ്വാജ 91ഉം സ്മിത്ത് 44ഉം റണ്‍സ് നേടി. ആദ്യ മൂന്നുടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് മുഖം രക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ ടെസ്റ്റ്.

Content Highlights: Ashes Test Cricket Australia vs England