പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മഴ ഇംഗ്ലണ്ടിന് രക്ഷകനായെത്തുമെന്ന് തോന്നിയെങ്കിലും അനിവാര്യമായ വിജയം ഓസ്‌ട്രേലിയ പിടിച്ചെടുത്തു. ഇന്നിങ്‌സിനും 41 റണ്‍സിനുമാണ് ഓസീസിന്റെ ആധികാരിക വിജയം. രണ്ടു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെ ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ആതിഥേയര്‍ ഇതോടെ 3-0 ത്തിന് ആഷസ് പരമ്പരയും തിരിച്ചുപിടിച്ചു. രണ്ട് ഇന്നിങ്‌സിലുമായി 8 വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സല്‍വുഡാണ്‌ ഇംഗ്ലണ്ടിന്റെ പതനം വേഗത്തിലാക്കിയത്. 

മഴമൂലം അഞ്ചാം ദിനം അല്‍പം വൈകി ആരംഭിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിന് സമനില പിടിക്കണമെങ്കില്‍ വാലറ്റം അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കണമായിരുന്നു. എന്നാല്‍ ഒരാള്‍ പോലും ചെറിയ ചെറുത്തുനില്‍പ്പിന് ശ്രമിക്കാതെ കൂടാരം കയറിയതോടെ അര്‍ഹിച്ച വിജയം ഓസീസിനൊപ്പം നിന്നു. ഒന്നാം ഇന്നിങ്സില്‍ 259 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് 218 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 5 പിഴുതെടുത്ത ഹെയ്‌സല്‍വുഡാണ്‌ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. കുമ്മിന്‍സും ലയോണും രണ്ട് വിക്കറ്റും സ്റ്റാര്‍ക്ക്‌ ഒരു വിക്കറ്റും നേടി. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി കുറിച്ച ക്യാപ്റ്റന്‍ സ്മിത്തിന്റെയും കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ മിച്ചര്‍ മാര്‍ഷിന്റെയും പിന്‍ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് വച്ചത്. സ്‌കോര്‍;  ഇംഗ്ലണ്ട് - 403/10, 218/10. ഓസ്‌ട്രേലിയ - 662/9 ഡിക്ലയര്‍. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനുമായിരുന്നു ഓസീസിന്റെ വിജയം.