ബ്രിസ്‌ബെയ്ന്‍: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറിയുമായി പൊരുതിയപ്പോള്‍ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 328 റണ്‍സിന് പുറത്തായ ഓസീസ് 26 റണ്‍സിന്റെ ലീഡാണ് നേടിയത്.

തകര്‍ച്ചയിലേക്ക് വീണ കംഗാരുക്കളെ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് സ്മിത്ത് കര കയറ്റുകയായിരുന്നു. 326 പന്തില്‍ 14 ഫോറിന്റെ അകമ്പടിയോടെ സ്മിത്ത് പുറത്താകാതെ 141 റണ്‍സാണ് അടിച്ചുകൂട്ടിയത്. 51 റണ്‍സുമായി ഷോണ്‍ മാര്‍ഷും 42 റണ്‍സുമായി കുമ്മിന്‍സും സ്മിത്തിന് പിന്തുണ നല്‍കി. 

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്. ഏഴു റണ്‍സെടുത്ത കുക്കിന്റെയും രണ്ടു റണ്‍സെടുത്ത വിന്‍സെയുടെയും വിക്കറ്റാണ് നഷ്ടമായത്. 19 റണ്‍സുമായി സ്റ്റോണ്‍മാനും അഞ്ചു റണ്‍സുമായി റൂട്ടുമാണ് ക്രീസില്‍

നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 163 റണ്‍സ് കൂടി സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തു. സ്മിത്തും മാര്‍ഷും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 99 റണ്‍സിന്റെ കൂട്ടുകെട്ടും എട്ടാം വിക്കറ്റില്‍ കുമ്മിന്‍സിനെ കൂട്ടുപിടിച്ച് സ്മിത്തുണ്ടാക്കിയ 66 റണ്‍സും ഓസീസിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമാകുകയായിരുന്നു. 

ഓസ്ട്രേലിയയുടെ തുടക്കം തന്ന തകര്‍ച്ചയോടെയായിരുന്നു. 76 റണ്‍സെടുക്കുന്നതിനിടയില്‍ കംഗാരുക്കള്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. അഞ്ചു റണ്‍സുടെത്ത ബാന്‍ക്രോഫ്റ്റ്, 26 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 11 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ, 14 റണ്‍സെടുത്ത ഹാന്‍ഡ്സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. 

നേരത്തെ അര്‍ധസെഞ്ചുറി നേടിയ സ്റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 302 റണ്‍സടിച്ചത്. സ്റ്റോന്‍മാന്‍ 159 പന്തില്‍ 53 റണ്‍സും വിന്‍സെ 170 പന്തില്‍ 83 റണ്‍സുമടിച്ചു. 130 പന്തില്‍ നിന്നായിരുന്നു മലന്റെ 56 റണ്‍സ്. 

Content Highlights: Ashes Test Australia vs England Steve sMith Century