മെല്‍ബണ്‍: ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ പൊരുതുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ ഓസീസിന് 61 റണ്‍സ് കൂടി വേണം.

ടെസ്റ്റില്‍ ഒരു ദിവസം കൂടി ശേഷിക്കെ ഓസ്‌ട്രേലിയയുടെ അവശേഷിക്കുന്ന എട്ടു വിക്കറ്റുകളും വീഴ്ത്തിയാലെ ഇംഗ്ലണ്ടിന് ജയസാധ്യതയുള്ളു. അതേസമയം ഓസ്‌ട്രേലിയ നേരത്തെ തന്നെ ആഷസ് പരമ്പര സ്വന്തമാക്കിയാതിനാല്‍ അവരെ സംബന്ധിച്ച് ഈ മത്സരത്തിന് പ്രസക്തി കുറവാണ്.

മൂന്നാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരുന്ന ഇംഗ്ലണ്ടിന് നാലാം ദിനം ഒരു റണ്‍ പോലും സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായില്ല.  നാലാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ആന്‍ഡേഴ്‌സണെ പൂജ്യത്തിന് പുറത്താക്കി കുമ്മിന്‍സാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്. 244 റണ്‍സുമായി അലെസ്റ്റയര്‍ കുക്ക് പുറത്താകാതെ നിന്നു. 

164 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 51 റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത ബാന്‍ക്രോഫ്റ്റിനെ വോക്ക്‌സ് പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ഉസ്മാന്‍ ഖ്വാജയും പെട്ടെന്ന് തന്നെ മടങ്ങി. ആന്‍ഡേഴ്‌സണ്‍ന്റെ പന്തില്‍ ബെയര്‍‌സ്റ്റോ പിടിച്ച് പുറത്താകുമ്പോള്‍ 11 റണ്‍സായിരുന്നു ഖ്വാജയുടെ സമ്പാദ്യം. 27 റണ്‍സുമായി ബാന്‍ക്രോഫ്റ്റും 25 റണ്‍സുമായി സ്റ്റീവ് സ്മത്തുമാണ് ക്രീസില്‍.

Content Highlights: Ashes Test Australia vs England Cricket