ലീഡ്‌സ്: ആഷസ് മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാക്കുമ്പോള്‍ ഓസ്‌ട്രേലിയ 283 റണ്‍സ് മുന്നില്‍. 112 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഓസീസ് നിലവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ ലാബുഷെയ്‌നും രണ്ടു റണ്‍സോടെ പാറ്റിന്‍സണുമാണ് ക്രീസില്‍. മാര്‍ക്കസ് ഹാരിസ് (19),ഡേവിഡ് വാര്‍ണര്‍ (0), ഉസ്മാന്‍ ഖ്വാജ (23), ട്രാവിസ് ഹെഡ് (25), മാത്യു വെയ്ഡ്(33), ടിം പെയ്ന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
നേരത്തെ ഇംഗ്ലീഷ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറുടെ വേഗത്തിന് ജോഷ് ഹേസല്‍വുഡിന്റെ കൃത്യതകൊണ്ട് ഓസ്ട്രേലിയ മറുപടി പറയുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 67 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട്, ഓസ്ട്രേലിയയ്‌ക്കെതിരേ 1948-നുശേഷം നേടുന്ന കുറഞ്ഞ സ്‌കോറും ഹെഡിങ്ലിയില്‍ ടീമിന്റെ കുറഞ്ഞ സ്‌കോറുമാണിത്. സ്‌കോര്‍: ഓസ്ട്രേലിയ 179, ആറു വിക്കറ്റിന് 171. ഇംഗ്ലണ്ട് 67 റണ്‍സിന് പുറത്ത്.
ഓസ്ട്രേലിയയുടെ ബൗളിങ് തുടങ്ങിയ പാറ്റ് കമ്മിന്‍സ്-ജോഷ് ഹേസല്‍വുഡ് സഖ്യം ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലി മാത്രമാണ് രണ്ടക്കം കടന്നത്. ഹേസല്‍വുഡ് അഞ്ചുവിക്കറ്റും കമ്മിന്‍സ് മൂന്നുവിക്കറ്റും പാറ്റിന്‍സണ്‍ രണ്ടുവിക്കറ്റുമെടുത്തു.
ഒരു ഘട്ടത്തില്‍ പോലും ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ജേസണ്‍ റോയ് ഒമ്പത് റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് അക്കൗണ്ട് തുറക്കം മുമ്പ് പുറത്തായി. റോറി ബേണ്‍സ് (9), ജെ ഡെന്‍ലി (12), ബെന്‍ സ്റ്റോക്ക്സ് (8), ജോണി ബെയര്‍സ്റ്റോ (4), ജോസ് ബട്‌ലര്‍ (5), ക്രിസ് വോക്‌സ് (5),ജോഫ്ര ആര്‍ച്ചര്‍ (7), ജാക്ക് ലീച്ച് (1) എന്നിങ്ങനെയാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. നാല് റണ്‍സോടെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകാതെ നിന്നു.

ആര്‍ച്ചറുടെ മുന്നില്‍ മുട്ടിടിച്ച് ഓസ്‌ട്രേലിയ
ആദ്യ ദിനം മഴ പെയ്തതിനാല്‍ 52 ഓവര്‍ മത്സരം മാത്രമാണ് നടന്നത്. പക്ഷേ അതിനുള്ളില്‍ ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്തായി. 45 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.
അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലെബൂഷെയ്ന്‍ (74) ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (61) എന്നിവര്‍ക്ക് മാത്രമാണ് ചെറുത്തുനില്‍ക്കാനായത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടിചേര്‍ത്തു.
മര്‍ക്കസ് ഹാരിസ് (എട്ട്) ഉസ്മാന്‍ ഖവാജ (എട്ട്),ട്രവിസ് ഹെഡ് (പൂജ്യം) മാത്യു വെയ്ഡ് (പൂജ്യം), ടിം പെയ്ന്‍ (11) ജെയിംസ് പാറ്റിന്‍സന്‍ (രണ്ട്) പാറ്റ് കമ്മിന്‍സ് (പൂജ്യം) നേതന്‍ ലിയോണ്‍ (ഒന്ന്) എന്നിങ്ങനെയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ വാര്‍ണറും ലെബുഷെയ്‌നും ചേര്‍ന്നാണ് കരകയറ്റിയത്. രണ്ട് വിക്കറ്റിന് 136 എന്ന സ്‌കോറില്‍ നിന്നാണ് കേവലം 43 റണ്‍സ് എടുക്കുന്നതിനിടയിലാണ് എട്ട് വിക്കറ്റ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. വാര്‍ണര്‍ക്കും ലെബുഷെയ്‌നും പുറമെ ടിം പെയ്നും(11) മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്.
ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. 251 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. രണ്ടാം ടെസ്റ്റ് സമനിലയിലായി. ആകെ അഞ്ചു ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്.
Content Highlights: Ashes Test 2019 England vs Australia Day 2