ലീഡ്സ്: ആഷസിലെ ഐതിഹാസികമായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത് ബെന്‍ സ്റ്റോക്ക്സ് എന്ന താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. 142 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക്ക് ഇന്നിങ്സുകളിലൊന്ന് പുറത്തെടുത്ത സ്റ്റോക്ക്സ് 219 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിയും എട്ടു സിക്സും സഹിതം 135 റണ്‍സോടെ പുറത്താകാതെ നിന്നു.
എന്നാല്‍ സ്റ്റോക്ക്സിനൊപ്പം തന്നെ അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഇംഗ്ലണ്ടിന്റെ പതിനൊന്നാമന്‍ ജാക്ക് ലീച്ച്. അവസാന വിക്കറ്റില്‍ ഓസീസ് ബൗളര്‍മാരുടെ 17 പന്തുകള്‍ പ്രതിരോധിച്ച് ലീച്ച് ക്രീസില്‍ നിന്നതും ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായി.
ഈ ഇന്നിങ്സോടെ ലീച്ചിന് ഇനി ജീവിതത്തില്‍ കണ്ണട പണംകൊടുത്ത് വാങ്ങേണ്ടതില്ല. ഇംഗ്ലീഷ് സ്പിന്നര്‍ക്ക് ജീവിതകാലം മുഴുവന്‍ കണ്ണട സൗജന്യമായി നല്‍കുമെന്ന് ആഷസ് പരമ്പരയുടെ സ്പോണ്‍സര്‍മാരായ സ്പെക്സവേഴ്സ് അറിയിച്ചു.
ലീച്ചിനെ ടാഗ് ചെയ്തുള്ള ബെന്‍ സ്റ്റോക്ക്സിന്റെ ഒരു ട്വീറ്റാണ് ഇതിനെല്ലാം കാരണമായത്. ഒരു സഹായം ചെയ്യാമോ എന്നു ചോദിച്ച് സ്പെക്സവേഴ്സിനോട് ലീച്ചിന് ജീവിതകാലം മുഴുവന്‍ കണ്ണടകള്‍ സൗജന്യമായി നല്‍കാമോ എന്ന് സ്റ്റോക്ക്സ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി നല്കിയ ട്വീറ്റിലാണ് സ്പെക്സവേഴ്സ് ലീച്ചിന് ജീവിതകാലം മുഴുവന്‍ കണ്ണട സൗജന്യമായി നല്‍കുമെന്ന് അറിയിച്ചത്.
മത്സരത്തിനിടെ ലീച്ച് ഹെല്‍മറ്റിനുള്ളിലൂടെ ഇടയ്ക്കിടെ കണ്ണട തുടയ്ക്കുന്നതും ശരിയാക്കുന്നത് പതിവു കാഴ്ചയായിരുന്നു. സ്റ്റോക്ക്സും ലീച്ചും ചേര്‍ന്ന് അവസാന വിക്കറ്റില്‍ 76 റണ്‍സാണ് ഇംഗ്ലണ്ട് സ്കോറിലേക്ക് ചേര്‍ത്തത്. ഇതില്‍ ഒരു റണ്‍ മാത്രമായിരുന്നു ലീച്ചിന്റെ സമ്പാദ്യം.
ഈ വര്‍ഷമാദ്യം അയര്‍ലന്‍ഡിനെതിരേ നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ നൈറ്റ്വാച്ച്മാനായി ക്രീസിലെത്തിയ ലീച്ച് 92 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു.
Content Highlights: Ashes Sponsors To Provide "Free Glasses For Life" To Jack Leach