ലണ്ടന്‍: ഞായറാഴ്ച ആഷസ് അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ ഇംഗ്ലണ്ട് 135 റണ്‍സിന് തോല്‍പ്പിച്ചതോടെ 47 വര്‍ഷത്തിനുശേഷം പരമ്പര വീണ്ടും സമനിലയില്‍ പിരിഞ്ഞു (2-2).
1972-ല്‍ ഇംഗ്ലണ്ടിലാണ് അവസാനമായി പരമ്പര സമനിലയില്‍ പിരിഞ്ഞത് (2-2). ഇതോടെ, കഴിഞ്ഞ പരമ്പരയിലെ വിജയികളായിരുന്ന ഓസ്ട്രേലിയയുടെ കൈവശം ആഷസ് കിരീടം തുടരും.
ഫലം സൂചിപ്പിക്കുന്നതുപോലെ, തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇക്കുറി. ചില വ്യക്തിഗത പ്രകടനങ്ങളാണ് ഫലം നിര്‍ണയിച്ചത്. പരമ്പര തുടങ്ങുമ്പോള്‍ ഏകദിന ലോകകപ്പ് വിജയിച്ചതിന്റെ ആവേശത്തിലായിരുന്നു ഇംഗ്ലണ്ട്. ഓസ്ട്രേലിയ ടീം എന്ന നിലയില്‍ ചില പ്രതിസന്ധികളിലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ എതിരാളിയുടെ ഗ്രൗണ്ടില്‍ രണ്ടു ടെസ്റ്റുകള്‍ ജയിച്ച ഓസ്ട്രേലിയയുടെ മനക്കരുത്ത് ഇംഗ്ലണ്ടിന്റെ പ്രതിഭാശേഷിയേക്കാള്‍ മുന്നില്‍നില്‍ക്കുന്നു.
ഒരേയൊരു സ്മിത്ത്
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവന്‍ സ്മിത്തിന്റെ തിരിച്ചുവരവ് അതിഗംഭീരമായി. പരിഹാസത്തിന്റെയും കൂവലിന്റെയും നടുവിലൂടെ ക്രീസിലേക്കിറങ്ങിയ സ്മിത്ത് ഒരു ഡബിള്‍ സെഞ്ചുറിയും രണ്ടു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറിയുമടക്കം ഏഴ് ഇന്നിങ്സില്‍ അടിച്ചത് 774 റണ്‍സ്. ശരാശരി 110.57. ഇതോടൊപ്പം ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്ത് കഴുത്തില്‍ക്കൊണ്ട് ഗ്രൗണ്ടില്‍ വീണ സ്മിത്ത് രണ്ടാം ഇന്നിങ്സിലും അടുത്ത ടെസ്റ്റിലും ബാറ്റുചെയ്തില്ല. പക്ഷേ, നാലാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയോടെ എല്ലാത്തിനും ഉത്തരം പറഞ്ഞു. രണ്ട് വിജയങ്ങളിലും സ്മിത്ത് ആയിരുന്നു ഓസ്ട്രേലിയയുടെ രക്ഷകന്‍.
ഓസീസ് പേസ്
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ 27 വിക്കറ്റ് നേടി റെക്കോഡിട്ട ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന് ആഷസില്‍ ഒരേയൊരു ടെസ്റ്റിലേ കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. അത്രയും ശക്തമായിരുന്നു ഓസ്ട്രേലിയയുടെ പേസ് നിര. അഞ്ചു ടെസ്റ്റും കളിച്ചത് പാറ്റ് കമ്മിന്‍സ് മാത്രം. ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇലവനില്‍ ഇടംനേടാന്‍ മത്സരിച്ചു. ഈ പേസ് നിരയോടാണ് ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്‍മാര്‍ ഏറ്റുമുട്ടിയത്. 10 ഇന്നിങ്സില്‍ 29 വിക്കറ്റുമായി പാറ്റ് കമ്മിന്‍സ് ബൗളര്‍മാരില്‍ മുന്നിലെത്തി. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് (23) രണ്ടാമത്.
പകരക്കാരന്‍ പോരാളി
കണ്‍കഷന്‍ (തലകറക്കം) ബാധിച്ച് മടങ്ങിയ ഒരാള്‍ക്ക് പകരക്കാരനായി ഇറങ്ങി ബാറ്റുചെയ്യുന്ന ആദ്യ കളിക്കാരനായി ഓസ്ട്രേലിയയുടെ മാര്‍നസ് ലെബൂഷെയ്ന്‍. ആഷസിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്ത് പരിക്കേറ്റ് മടങ്ങിയപ്പോള്‍ പകരക്കാരനായെത്തിയ ലെബൂഷെയ്ന്‍ തൊട്ടടുത്ത ഇന്നിങ്സില്‍ 59 റണ്‍സും നേടി. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തുന്നയാളെ ബാറ്റിങ്ങിനും ബൗളിങ്ങിനും അനുവദിക്കാമെന്ന തീരുമാനം ആദ്യമായി നടപ്പായത് ആഷസിലാണ്. 142 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അതിനുള്ള ആദ്യ അവസരം കിട്ടിയത് ലെബൂഷെയ്നായി.
വീണ്ടും ബെന്‍
10 ഇന്നിങ്സില്‍ 441 റണ്‍സും എട്ടു വിക്കറ്റും. ഇതുപോലൊരു ഓള്‍റൗണ്ടറെ ആരും കൊതിച്ചുപോകും. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിലെ മുഖ്യകണ്ണിയായിരുന്ന സ്റ്റോക്‌സിന്റെ മികവിലാണ്, തോറ്റെന്നുതോന്നിയ മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചത്. പതിനൊന്നാമനെ കൂട്ടുപിടിച്ച് 73 റണ്‍സ് ചേര്‍ത്ത ബെന്‍ സ്റ്റോക്‌സ് 135 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടെസ്റ്റ് ചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നൊരു ഇന്നിങ്സും ഇംഗ്ലണ്ടിന് അവിശ്വസനീയമായ ജയവും സ്വന്തമായി.
ആര്‍ച്ചറുടെ വരവ്
ഇംഗ്ലണ്ടിന്റെ യുവ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പേര് കുറച്ചുകാലത്തേക്ക് ലോകക്രിക്കറ്റില്‍ കേള്‍ക്കും. ഈ പരമ്പരയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ആര്‍ച്ചര്‍ അസാമാന്യമായ ബൗണ്‍സും കൃത്യതയും പന്തിലെ വൈവിധ്യവുംകൊണ്ട് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. എട്ട് ഇന്നിങ്സില്‍ 22 വിക്കറ്റുനേടി.
ഓപ്പണിങ് ദുരന്തം
ഇരുടീമുകളുടെയും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. അഞ്ചു ടെസ്റ്റിലെ 20 ഓപ്പണിങ് ഇന്നിങ്സുകളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് വന്നത്. ഓസ്ട്രേലിയുടെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ശരാശരി 9.85 മാത്രം. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 10 ഇന്നിങ്സില്‍ നേടിയത് 95 റണ്‍സ്. മൂന്നുതവണ പൂജ്യത്തിന് പുറത്താകുകയും ചെയ്തു.
Content Highlights: Ashes series 2019 memories