അഡ്‌ലെയ്ഡ്‌: ആഷസ് പരമ്പരയില്‍ ഓസീസ് ആധിപത്യം. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഓസീസ് 2-0 ത്തിന് മുന്നിലെത്തി. ഓസീസ് ഉയര്‍ത്തിയ 354 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് അവസാന ദിനം നേരിയ വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കൃത്യമായി പന്തെറിഞ്ഞ ബൗളര്‍മാരാണ് മത്സരം ഓസീസ് അനുകൂലമാക്കിയത്. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 57 റണ്‍സ് കൂട്ടിചേര്‍ക്കാനെ കഴിഞ്ഞുള്ളു. അഞ്ചു വിക്കറ്റ് പിഴുതെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ ചുരുട്ടികെട്ടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹാസല്‍വുഡും ലയോണും ഇംഗ്ലീഷ് പതനം പൂര്‍ത്തിയാക്കി. 123 പന്തുകള്‍ നേരിട്ട് 67 റണ്‍സടിച്ച റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 442/8, 138, ഇംഗ്ലണ്ട് - 227,  233. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു ഓസീസ് വിജയം.