ബ്രിസ്‌ബെയ്ന്‍: നായകനായുള്ള അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി പാറ്റ് കമ്മിന്‍സ് തിളങ്ങിയപ്പോള്‍ ഗാബയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 147 റണ്‍സിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച് ആദ്യ പന്തില്‍ ഓപ്പണര്‍ റോറി ബേണ്‍സ് പുറത്തായത് മുതല്‍ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്നത്.

39(58) റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ഒലി പോപ്പ് 35(79) ക്രിസ് വോക്‌സ് 21(24), ഹസീബ് ഹമീദ് 25(75) എന്നിവരാണ് രണ്ടക്കം കടന്നത്. കമ്മിന്‍സിന് പുറമേ ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ലഞ്ചിന് ശേഷം ഒരു റണ്‍ കൂടി ചേര്‍ത്തപ്പോള്‍ ഹസീബ് ഹമീദിന്റെ വിക്കറ്റും നഷ്ടമായ അവര്‍ 60-5 എന്ന നിലയിലേക്ക് പതിച്ചു, അവിടെ നിന്നാണ് ഒലി പോപ്പ്, ജോസ് ബട്ലര്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ബട്ലര്‍ പുറത്തായതോടെ 52 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞു.

ആഷസിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ 0(1) ക്ലീന്‍ ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഓസ്ട്രേലിയക്ക് സമ്മാനിച്ചത്.  ഡേവിഡ് മലാന്‍ 6(9), ക്യാപ്റ്റന്‍ ജോ റൂട്ട് 0(9), ടീമിലേക്ക് മടങ്ങിയെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് 5(21), ഒലി റോബിന്‍സണ്‍ 0(3), മാര്‍ക് വുഡ് 8(15), ജാക്ക് ലീച്ച് 2*(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

content Highlights: Ashes first test