സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയയുടെ ആധിപത്യം. ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ ആറിന് 265 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മുന്നില്‍ വെച്ചത് 388 റണ്‍സ് വിജയലക്ഷ്യം. 

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ്. ഇത്തവണത്തെ ആഷസ് ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്. 22 റണ്‍സുമായി സാക്ക് ക്രൗളിയും എട്ട് റണ്‍സുമായി ഹസീബ് ഹമീദുമാണ് ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും ബാക്കിനില്‍ക്കേ വിജയത്തിലേക്ക് അവര്‍ക്ക് ഇനിയും 358 റണ്‍സ് കൂടി വേണം.

നേരത്തെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയുമായി ഉസ്മാന്‍ ഖവാജ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അകലുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 86 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഖവാജ - കാമറൂണ്‍ ഗ്രീന്‍ സഖ്യമാണ്. 179 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പിരിഞ്ഞ ശേഷം അധികം വൈകാതെ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

ഗ്രീന്‍ 122 പന്തുകള്‍ നേരിട്ട് 1 സിക്‌സും 7 ഫോറുമടക്കം 74 റണ്‍സെടുത്തു. ഖവാജ 138 പന്തില്‍ നിന്ന് 2 സിക്‌സും 10 ഫോറുമടക്കം 101 റണ്‍സ് നേടി. 

മാര്‍ക്കസ് ഹാരിസ് (27), ഡേവിഡ് വാര്‍ണര്‍ (3), മാര്‍നസ് ലബുഷെയ്ന്‍ (29), സ്റ്റീവ് സ്മിത്ത് (23), അലക്‌സ് കാരി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു.

Content Highlights: Ashes Australia vs England 4th Test day 4