ബ്രിസ്‌ബെയ്ന്‍: ഒന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 196 റണ്‍സ് മുന്നിലാണ് ആതിഥേയർ. 

സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുന്ന ട്രാവിസ് ഹെഡാണ് രണ്ടാംദിനം ഓസീസിനായി തിളങ്ങിയത്. 95 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സും 12 ഫോറുമടക്കം ഹെഡ് 112 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കാണ് (10*) ഹെഡിനൊപ്പം ക്രീസിലുള്ളത്.

മാര്‍ക്കസ് ഹാരിസിനെ (3) തുടക്കത്തില്‍ തന്നെ നഷ്ടമായ ഓസീസിനെ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് വാര്‍ണര്‍ - മാര്‍നസ് ലബുഷെയ്ന്‍ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ലബുഷെയ്ന്‍ 117 പന്തില്‍ നിന്ന് രണ്ടു സിക്‌സും ആറു ഫോറുമടക്കം 74 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്തിന് നേടാനായത് 12 റണ്‍സ് മാത്രം. 

പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡേവിഡ് വാര്‍ണറെ മടക്കി ഒലി റോബിന്‍സണ്‍ ഓസീസിനെ ഞെട്ടിച്ചു. 176 പന്തില്‍ രണ്ടുസിക്‌സും 11 ഫോറുമടക്കം 94 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ (0) കുറ്റിതെറിപ്പിച്ച റോബിന്‍സണ്‍ ഓസീസിനെ അഞ്ചിന് 195 റണ്‍സെന്ന നിലയിലാക്കി. 

എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ഓസീസിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. അലക്‌സ് കാരി (12), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ്, ജാക്ക് ലീച്ച്, ജോ റൂട്ട്, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: ashes 2021-22 australia vs england travis head century puts australia in firm command