സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍.

36 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബെന്‍ സ്‌റ്റോക്ക്‌സ് - ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ടാണ് ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മത്സരം അവസാനിക്കുമ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം (140 പന്തില്‍ നിന്ന് 3 സിക്‌സും 8 ഫോറുമടക്കം 103*) നാലു റണ്‍സുമായി ജാക്ക് ലീച്ചാണ് ക്രീസില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 158 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഹസീബ് ഹമീദിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് താരത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. 

സ്‌കോര്‍ 36-ല്‍ എത്തിയപ്പോള്‍ സ്‌കോട്ട് ബോളണ്ട് സാക്ക് ക്രൗളിയെ (18) മടക്കി. പിന്നാലെ അതേ സ്‌കോറില്‍ ഇംഗ്ലണ്ടിന് ജോ റൂട്ട് (0), ഡേവിഡ് മലാന്‍ (3) എന്നിവരെ കൂടി നഷ്ടമായതോടെ അവര്‍ നാലിന് 36 റണ്‍സെന്ന പരിതസ്ഥിതിയിലായി. 

തുടര്‍ന്നായിരുന്നു ഇംഗ്ലണ്ടിനെ കരകയറ്റിയ സ്റ്റോക്ക്‌സ് - ബെയര്‍സ്‌റ്റോ കൂട്ടുകെട്ട്. ഇതിനിടെ 11 ഓവറുകളിലേറെ ഇംഗ്ലണ്ട് ഒരു റണ്‍ പോലും സ്‌കോര്‍ ചെയ്തില്ല. ഇരുവരും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ ചലിക്കാന്‍ തുടങ്ങി. സ്‌കോര്‍ 164-ല്‍ നില്‍ക്കേ സ്‌റ്റോക്ക്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നഥാന്‍ ലിയോണാണ് ഈ  കൂട്ടുകെട്ട് പൊളിച്ചത്. 91 പന്തില്‍ നിന്ന് 1 സിക്‌സും 9 ഫോറുമടക്കം 66 റണ്‍സായിരുന്നു സ്‌റ്റോക്ക്‌സിന്റെ സമ്പാദ്യം. 

പിന്നാലെ റണ്ണൊന്നുമെടുക്കാതെ ജോസ് ബട്ട്‌ലറെയും ഇംഗ്ലണ്ടിന് നഷ്ടമായി. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ബെയര്‍സ്‌റ്റോ - മാര്‍ക്ക് വുഡ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

41 പന്തില്‍ നിന്ന് 3 സിക്‌സും 2 ഫോറുമടക്കം 39 റണ്‍സെടുത്ത മാര്‍ക്ക് വുഡിനെ പാറ്റ് കമ്മിന്‍സ് ഉഗ്രനൊരു ബൗണ്‍സറില്‍ വീഴ്ത്തുകയായിരുന്നു.

നേരത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെ മികവില്‍ എട്ടിന് 416 റണ്‍സെന്ന നിലയില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.

Content Highlights: Ashes 2021-22 Australia vs England fourth Test day 4