ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പിന്‍വലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ജൊഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് നടപടി.

തുടര്‍ പരിശോധനയില്‍ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കളിക്കാരെ പിന്‍വലിക്കുന്നതിനുള്ള കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റിയൂഷന് അപേക്ഷ നല്‍കിയത്. അങ്ങനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന ഐ.സി.സി.യുടെ പുതിയ നിയമം അനുസരിച്ച് കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്‌ട്രേലിയ. അഞ്ച് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മാര്‍നസ് ലബുഷെയ്‌നാണ് സ്മിത്തിന്റെ പകരക്കാരന്‍.

സ്മിത്തിന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച കാലത്തും ക്ഷതത്തിനുള്ള പരിശോധന നടത്തിയിരുന്നു. കാലത്ത് നടത്തിയ പരിശോധനയില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. കൈയ്ക്ക് നേരിയ വേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ടീം ഡോക്ടര്‍ റിച്ചാര്‍ഡ് സോയുടെ നിര്‍ദേശപ്രകാരം സ്മിത്തിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്‍വലിക്കുകയാണ്-ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ആര്‍ച്ചറുടെ പന്തിടിച്ച് വീഴുമ്പോള്‍ എണ്‍പത് റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു സ്മിത്ത്. ഹെല്‍മറ്റ് ഉള്ളതുകൊണ്ടാണ് വലിയ ദുരന്തം ഒഴിഞ്ഞത്.  പിന്നീട് 45 മിനിറ്റിനുശേഷം വീണ്ടും ബാറ്റ് ചെയ്യാനെത്തി 12 റണ്‍സ് കൂടി ചേര്‍ത്താണ് 92 റണ്‍സിന് പുറത്തായത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് ഇംഗ്ലീഷ് ഒന്നാമിന്നിങ്‌സ് സ്‌കോറായ 258ന് എട്ട് റണ്‍സ് അകലെവച്ച് 250 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. ഞായറാഴ്ച കഴുത്തിന് സ്‌കാന്‍ ചെയ്തശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 251 റണ്‍സിന്റെ ഉജ്വല വിജയം സമ്മാനിച്ചത് സ്മിത്തിന്റെ രണ്ട് സെഞ്ചുറികളായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 144 ഉം രണ്ടാമിന്നിങ്‌സില്‍ 142 ഉം റണ്‍സാണ് സ്മിത്ത് നേടിയത്.

Content Highlights: Steven Smith withdrawn from Lord's Test due to concussion