ഓവല്‍: ഇത്തവണത്തെ ആഷസ് പരമ്പര അറിയപ്പെടുക സ്റ്റീവ് സ്മിത്ത് എന്ന ബാറ്റ്‌സ്മാന്റെ പേരിലാകുമെന്നതില്‍ ക്രിക്കറ്റ് ലോകത്തിന് സംശയമുണ്ടാകില്ല. ആദ്യം പരിഹസിച്ച ഇംഗ്ലീഷ് കാണികള്‍ അവസാന ഇന്നിങ്‌സില്‍ നിറഞ്ഞ കൈയടികളോടെയാണ് സ്മിത്തിനെ യാത്രയാക്കിയത്.

റണ്‍വേട്ടയില്‍ ഈ നൂറ്റാണ്ടിലെ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയാണ് സ്മിത്ത് ആഷസിന് അവസാനം കുറിച്ചത്. പരമ്പരയിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 774 റണ്‍സാണ് ഈ 30-കാരന്‍ അടിച്ചുകൂട്ടിയത്. ഈ നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന റണ്‍വേട്ടയാണ് ഇത്. ഇന്ത്യയ്‌ക്കെതിരേ 2014-15 വര്‍ഷത്തില്‍ നടന്ന പരമ്പരയില്‍ നേടിയ 769 റണ്‍സെന്ന സ്വന്തം റെക്കോഡ് തന്നെയാണ് സ്മിത്ത് തിരുത്തിയത്.

1930-ലെ ആഷസില്‍ 974 റണ്‍സെടുത്ത ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്‌സ്മാന്‍.

പന്ത് ചുരണ്ടല്‍ വിവാദത്തിലെ ഒരു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള മടങ്ങിവരവ് സ്മിത്ത് ബാറ്റുകൊണ്ട് ആഘോഷിക്കുകയായിരുന്നു. മാത്രമല്ല ഒരു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവില്‍ വിരാട് കോലിയില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് തിരിച്ചുപിടിക്കാന്‍ വെറും മൂന്നേ മൂന്ന് ഇന്നിങ്‌സുകള്‍ മാത്രമാണ് സ്മിത്തിന് വേണ്ടിവന്നത്. 144, 142, 92, 211, 82, 80, 23 എന്നിങ്ങനെയാണ് സ്മിത്തിന്റെ ഈ ആഷസിലെ സ്‌കോറുകള്‍.

Content Highlights: Ashes 2019 most runs in a series this century Smith creates history