ലണ്ടന്‍: ആഷസിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി പരമ്പര സമനിലയിലാക്കിയെങ്കിലും ആഷസ് കിരീടം തിരിച്ചുപിടിക്കാമെന്ന ഇംഗ്ലണ്ട് മോഹം നടന്നില്ല. പരമ്പര സമനിലയിലായതോടെ നിലവിലെ ജേതാക്കളെന്ന നിലയില്‍ ഓസീസ് കിരീടം നിലനിര്‍ത്തി.

സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ പ്രകടനവും ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഒറ്റയാള്‍ പോരാട്ടവുമടക്കം നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇത്തവണത്തെ ആഷസിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.

1972-ന് ശേഷമാണ് ഇത്തവണ ഒരു ആഷസ് പരമ്പര സമനിലയിലായിരിക്കുന്നത്. ഇക്കഴിഞ്ഞ 47 വര്‍ഷക്കാലം ആഷസില്‍ ഒരു പരമ്പര ജേതാവുണ്ടായിരുന്നു. ആഷസിന്റെ ചരിത്രത്തില്‍ ഇതുവരെ ആറു പരമ്പരകള്‍ മാത്രമാണ് സമനിലയില്‍ കലാശിച്ചിട്ടുള്ളത്. 1972-ല്‍ പരമ്പര സമനിലയിലായതോടെ മുന്‍ വര്‍ഷത്തെ ജേതാക്കളായ ഇംഗ്ലണ്ട് ആഷസ് നിലനിര്‍ത്തിയപ്പോള്‍ ഇത്തവണ ഓസീസാണ് കിരീടവുമായി മടങ്ങുന്നത്.

1972-ന് ശേഷം 14 തവണ ഓസീസ് ജേതാക്കളായപ്പോള്‍ 10 തവണ മാത്രമാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. 1989 മുതല്‍ 2002 വരെ തുടര്‍ച്ചയായി എട്ട് ആഷസ് പരമ്പരകള്‍ സ്വന്തമാക്കി ഓസീസ് റെക്കോഡിട്ടതും ഇക്കാലയളവിലാണ്.

ഇത്തവണ ഓവലില്‍ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 135 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 399 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ, ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ 263 റണ്‍സിന് ഓള്‍ഔട്ടായി.

Content Highlights: Ashes 2019 history repeats after 47 years