ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 258 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് മോശം തുടക്കം. മൂന്നാം ദിനം മഴ കാരണം കളിനിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ് ഓസീസ്. 

13 റണ്‍സുമായി സ്റ്റീവ് സ്മിത്തും റണ്ണൊന്നുമെടുക്കാതെ മാത്യു വെയ്ഡുമാണ് ക്രീസില്‍. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍ 178 റണ്‍സ് പിറകിലാണ് ഓസീസ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ഓസീസിന് സ്‌കോര്‍ 60-ല്‍ എത്തിയപ്പോള്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ (13) നഷ്ടമായി. പിന്നാലെ ഖവാജയും (36) മടങ്ങി. ഡേവിഡ് വാര്‍ണര്‍(3), ട്രാവിസ് ഹെഡ് (7) എന്നിവരും കാര്യമായ സംഭവനകളില്ലാതെ മടങ്ങിയപ്പോള്‍ ഓസീസ് പ്രതിരോധത്തിലായി. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ അര്‍ധ സെഞ്ചുറി നേടിയ റോറി ബേണ്‍സ് (53), ജോണി ബെയര്‍സ്‌റ്റോ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 258-ല്‍ എത്തിച്ചത്.

Content Highlights: Ashes 2019 England v Australia second Test, day three