ലണ്ടൻ: ജെന്റില്‍മാന്‍സ് ഗെയിം എന്ന് മേനി നടിക്കുന്ന ക്രിക്കറ്റിന്റെ ഈറ്റില്ലമാണ് ഇംഗ്ലണ്ട്. അതേ ഇംഗ്ലണ്ടില്‍, അതും ലോര്‍ഡ്‌സില്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ മാന്യതയും സംസ്‌കാരവും മറന്നാലോ. ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടമായ ആഷസില്‍ കണ്ടത് അതാണ്. ക്രിക്കറ്റിലെ ഏറ്റവും നാണംകെട്ട രംഗങ്ങളിലൊന്നിനാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിച്ചത്.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ ജൊഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ മുഖത്തിടിച്ച് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് തറയില്‍ വീഴുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടത്. പന്ത് തലയിലിടിച്ചു മരിച്ച ഓസ്‌ട്രേലിയയുടെ ഫില്‍ ഹ്യൂസിന്റെ ദുരന്തമാണ് കളിയാരാധകരുടെ മനസ്സില്‍ ആ നിമിഷം മിന്നിമാഞ്ഞത്. എന്നാല്‍, ലോര്‍ഡ്‌സിലെ ഇംഗ്ലീഷ് ആരാധകര്‍ ആ നിമിഷത്തെ വരവേറ്റത്ത് കൂവലോടെയാണ്. മണിക്കൂറില്‍ തൊണ്ണൂറ് മൈല്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് ഇടിച്ച് വീണ സ്മിത്തിനെ ചികിത്സിക്കാന്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു ഗ്യാലറികളില്‍ നിന്ന് കൂവല്‍ ഉയര്‍ന്നത്. വിദഗ്ദ്ധ പരിശോധനയ്ക്കും വിശ്രമത്തിനുമായി സ്മിത്ത് ഡ്രസ്സിങ് റൂമിലേയ്ക്ക് പോകുമ്പോഴും കൂവല്‍ അകമ്പടി സേവിച്ചു. 45 മിനിറ്റിനുശേഷം സ്മിത്ത് വീണ്ടും ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ഒരു വിഭാഗം എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരവ് പ്രകടിപ്പിച്ചെങ്കിലും അപ്പോഴും ചിലര്‍ കൂവല്‍ തുടര്‍ന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് പന്ത്രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടിവന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും നേരത്തെയും ഇംഗ്ലീഷ് ആരാധകര്‍ കൂവിയിരുന്നു. എന്നാല്‍, പരിക്കേറ്റ് വീണപ്പോഴും ഒരു കളിക്കാരനെ ഇത്തരത്തില്‍ കൂവുന്നത് എന്ത് മര്യാദയാണെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. കാണികളുടെ ഈ മര്യാദവിട്ട പെരുമാറ്റത്തിനെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്.

 ഇയാന്‍ ഹീലിയെ പോലുള്ള മുന്‍താരങ്ങളും കാണികളുടെ മോശം പെരുമാറ്റത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പരിക്കില്‍ എരിവ് പുരട്ടുന്നതായിരുന്നു കാണികളുടെ കൂവലെന്ന് മുന്‍ താരം ഷെയ്ന്‍ വോണ്‍ അഭിപ്രായപ്പെട്ടു. മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണും സംഭവത്തെ അപലപിച്ചു.

അതേസമയം സ്മിത്തിനെ കൂവിയതിന് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട്‌സ് ബാര്‍മി ആര്‍മി രംഗത്തുവന്നു. നേരത്തെയും വിവാദത്തില്‍ പെട്ട സ്മിത്തിനെതിരേ പരസ്യമായി പ്രതികരിച്ചവരാണ് ബാര്‍മി ആര്‍മി. ഞങ്ങള്‍ ലോര്‍ഡ്‌സിലില്ല. ഞങ്ങളല്ല സ്മിത്തിനെ കൂവിയത്. അദ്ദേഹം പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയാണ്-ബാര്‍മി ആര്‍മി ട്വീറ്റ് ചെയ്തു.

Content Highlights: Ashes 2019: Australia and England greats slam Lord’s crowd for booing Steve Smith