കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ആതിഥേയരായ ശ്രീലങ്ക. മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 78 റണ്‍സിന് തകര്‍ത്താണ് ശ്രീലങ്ക മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പര സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 203 റണ്‍സ് മാത്രമാണ് ശ്രീലങ്ക നേടിയത്. 47 റണ്‍സെടുത്ത ചരിത് അസലങ്കയും 31 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയും 29 റണ്‍സെടുത്ത ചമീരയുമാണ് ശ്രീലങ്കന്‍ ഇന്നിങ്‌സ് 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തബ്‌റൈസ് ഷംസി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

204 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ നിലംപതിച്ചു. 30 ഓവറില്‍ വെറും 125 റണ്‍സിന് ടീം ഓള്‍ ഔട്ടായി. 22 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മഹീഷ് തീക്ഷണ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചമീര, ഹസരംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 

ഈ വിജയത്തോടെ പരമ്പര ശ്രീലങ്ക 2-1 ന് സ്വന്തമാക്കി. 29 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ചമീരയാണ് മത്സരത്തിലെ താരം. ശ്രീലങ്കയുടെ തന്നെ ചരിത് അസലങ്ക പരമ്പരയുടെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. 

Content Highlights: Asalanka, Theekshana star in low-scorer as Sri Lanka beat South Africa to clinch series