Photo: AFP
സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് പുലിവാലുപിടിച്ച് ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ്. ഇരട്ടസെഞ്ചുറിയ്ക്ക് തൊട്ടരികില്‍ നിന്ന ഉസ്മാന് ഖവാജയെ സാക്ഷിയാക്കിയാണ് കമ്മിന്‍സ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. വെറും അഞ്ച് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ താരത്തിന് കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി നേടാമായിരുന്നു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ഉസ്മാന് ഖവാജയുടെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. അപ്പോഴാണ് അപ്രതീക്ഷിതമായി കമ്മിന്‍സ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.
ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഖവാജ 368 പന്തുകളില്‍ നിന്ന് 19 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 195 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഞെട്ടലോടെയാണ് താരം ക്രീസ് വിട്ടത്. മഴമൂലം മത്സരത്തിന്റെ മൂന്നാം ദിനം കളി മുടങ്ങിയിരുന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഓസ്ട്രേലിയ നേരത്തേ സീരിസ് സ്വന്തമാക്കിയിരുന്നു. ഇതാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. വെറും അഞ്ച് റണ്‍സ് നേടാന്‍ ഖവാജയ്ക്ക് സമയം അനുവദിക്കാതിരുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണെന്നും കമ്മിന്‍സ് മാപ്പ് പറയണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഖവാജയുടെ സ്ഥാനത്ത് സ്റ്റീവ് സ്മിത്തോ മറ്റോ ആയിരുന്നെങ്കില്‍ കമ്മിന്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാനുള്ള ധൈര്യമുണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. ഖവാജയോട് കാണിച്ച കടുത്ത അനീതി നിലവില്‍ ക്രിക്കറ്റ് ലോകത്ത് പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സച്ചിന് തെണ്ടുല്‍ക്കര്‍, ഫ്രാങ്ക് വോറെല്‍ എന്നീ താരങ്ങള്‍ക്കും മുന്‍പ് ഇതുപോലെ സംഭവിച്ചിട്ടുണ്ട്.
Content Highlights: pat cummins, usman khawaja, australia vs south africa, sports news, cricket, mathrubhumi sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..