മുംബൈ: പരിമിതമായ ജീവിതസാചര്യങ്ങളിലൂടെ വളര്‍ന്ന് ഐ.പി.എല്ലില്‍ കളിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച താരങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ കോടിക്കണക്കിന് രൂപ ആസ്തിയുള്ള വീട്ടില്‍ നിന്ന് വന്ന് ഐ.പി.എല്‍ ലേലത്തില്‍ ലക്ഷത്തിലൊതുങ്ങിപ്പോയ താരത്തെ അറിയുമോ? ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനുമായ കുമാര്‍ മംഗളം ബിര്‍ളയുടെ മകന്‍ ആര്യമാന്‍ വിക്രം ബിര്‍ളയാണ് ആ താരം.

ഏകദേശം എണ്‍പതിനായിരത്തോളം കോടി രൂപ ആസ്തിയുള്ള അച്ഛന്റെ മകനായ ആര്യമാന് ഐ.പി.എല്‍ ലേലത്തില്‍ ലഭിച്ചത് 30 ലക്ഷം രൂപയാണ്. ഇത്രയും തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് ആര്യമാനെ സ്വന്തമാക്കിയത്. 

ചെറുപ്പത്തിലേ ക്രിക്കറ്റിനോടായിരുന്നു ആര്യമാന് താത്പര്യം. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍ മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ആര്യമാന്‍ വലുതായപ്പോള്‍ വിനോദം എന്നതിനേക്കാള്‍ കളിയെ പ്രൊഫഷണലായി സമീപിക്കുകയായിരുന്നു. ഇതിനായി  മുംബൈയില്‍ നിന്ന് ആര്യമാന്‍ മധ്യപ്രദേശിലേക്ക് താമസം മാറ്റി. മികച്ച പരിശീലനം ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റം.

അണ്ടര്‍-23 സി.കെ നായിഡു ട്രോഫിയില്‍ മധ്യപ്രദേശിന് വേണ്ടി കളിച്ച ആര്യമാന്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ 153 റണ്‍സാണ് അടിച്ചെടുത്തത്. രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ബെന്‍ സ്‌റ്റോക്സ്സ എന്നിവരോടൊപ്പം കളിക്കാന്‍ പോകുന്നതിന്റെ സന്തോഷവും ആര്യമാന്‍ മറച്ചുവെക്കുന്നില്ല.

Content Highlights: Aryaman Birla IPL Auction Rajasthan Royals