മുബൈ: ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടംനേടി. രണ്ടു മാസം മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ കളിച്ച ഹര്‍ഭജന്‍ സിങ്ങിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും ആദ്യത്തെ രണ്ട് ടെസ്റ്റുകള്‍ക്കുമുള്ള ടീമിനെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

പേസ് ബൗളര്‍ ഉമേഷ് യാദവിനുപകരം കര്‍ണാടകക്കാരനായ ശ്രീനാഥ് അരവിന്ദ് ഇടംനേടിയതാണ് ഏകദിന ടീമിലെ പ്രധാന മാറ്റം. പരിക്കിലായ ആര്‍. അശ്വിന്‍ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലില്ല. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടംനേടിയിട്ടുണ്ട്.
 
2014 ഓഗസ്തില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് രവീന്ദ്ര ജഡേജ അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചത്. ഈ സീസണില്‍ രഞ്ജിയിലെ മികച്ച പ്രകടനമാണ് (149 റണ്‍സ്, 24 വിക്കറ്റ്) ജഡേജയ്ക്ക് വീണ്ടും ടീമിലേക്ക് വഴിതുറന്നത്.

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ബംഗ്ലാദേശ്, ശ്രീലങ്കന്‍ പര്യടനങ്ങളില്‍ കളിച്ച ഹര്‍ഭജന് സ്ഥാനം നിനിര്‍ത്താനായില്ല. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ഒരു ദ്വിദിനമത്സരം കളിക്കുന്നുണ്ട്. ഈ ടീമിനെ ചേതേശ്വര്‍ പുജാര നയിക്കും. നവംബര്‍ 5 മുതല്‍ മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്.

ഏകദിന ടീം : എം.എസ്. ധോനി( ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, വിരാട് കോലി, സുരേഷ് റെയ്‌ന, അക്ഷര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, എസ്. അരവിന്ദ്, സറ്റുവര്‍ട്ട് ബിന്നി, അമ്പാട്ടി റായുഡു, ഗുര്‍കീരാത്ത് സിങ്.

ടെസ്റ്റ്: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ലോകേഷ് രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ.

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍: ചേതേശ്വര്‍ പുജാര( ക്യാപ്റ്റന്‍) ലോകേഷ് രാഹുല്‍, ഉന്‍മുക്ത് ചന്ദ്, കരുണ്‍ നായര്‍, ശ്രേയസ്സ് അയ്യര്‍, നമന്‍ ഓജ, ഹര്‍ദിക് പാണ്ഡെ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, നാതു സിങ്, കരണ്‍ ശര്‍മ, ഷെല്‍ഡന്‍ ജാക്‌സണ്‍.