ഇന്‍ഡോര്‍: ക്രിക്കറ്റ് കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് ബുധനാഴ്ച മഹേന്ദ്രസിങ് ധോനി ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഉച്ചയ്ക്ക് 1.30 മുതല്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍ ഓഫ് സ്​പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പരിക്കുമൂലം കളിക്കാനാവാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. പകരക്കാരനായി ഹര്‍ഭജന്‍ സിങ് ടീമിലിടംപിടിച്ചിട്ടുണ്ട്. ഇതുവരെയുള്ള കളികളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ പ്രതിരോധത്തില്‍ നിര്‍ത്തിയ ഏകബൗളറാണ് അശ്വിന്‍.

ഈവര്‍ഷം ലോകകപ്പ് സെമിഫൈനല്‍മുതല്‍ ഇങ്ങോട്ട് തുടര്‍തോല്‍വികളാണ് നായകനെന്നനിലയില്‍ ധോനി നേരിടുന്നത്. അതിനിടെ വിരാട് കോലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര 2-0ന് തോറ്റതോടെ ധോനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ തുടങ്ങിയിരുന്നു.
 
ഒന്നാം ഏകദിനത്തില്‍ കട്ടക്കില്‍ അഞ്ചുറണ്‍സിന് തോറ്റപ്പോള്‍ ക്യാപ്റ്റന്റെ കളിയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. 304 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ, രോഹിത് ശര്‍മയും (150) അജിന്‍ക്യ രഹാനെയും (60) ചേര്‍ന്ന് 33 ഓവറില്‍ 191 റണ്‍സ് അടിച്ചിട്ടും മാസ്റ്റര്‍ ഫിനിഷര്‍ ആയി അറിയപ്പെടുന്ന ധോനിക്കും സംഘത്തിനും അതിനെ ജയമാക്കിമാറ്റാനായില്ല. അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും തോറ്റാല്‍ നായകസ്ഥാനം മാത്രമല്ല ധോനിയുടെ കരിയര്‍ തന്നെ അപകടത്തിലാവും.

ആദ്യമത്സരത്തിലെ തോല്‍വിയില്‍ താനടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ധോനി സമ്മതിച്ചിരുന്നു. ഡിവില്ലിയേഴ്‌സ്, ഡി കോക്ക്, ഡു പ്ലെസി, ഡുമിനി, ഡേവിഡ് മില്ലര്‍ തുടങ്ങി ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനെ പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാരും പരാജയപ്പെടുന്നു. ആദ്യമത്സരത്തില്‍ സ്​പിന്നര്‍മാരായ അശ്വിനും മിശ്രയുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനെ കുറച്ചെങ്കിലും നിയന്ത്രിച്ചത്. അക്ഷര്‍ പട്ടേല്‍, ഓഫ് സ്​പിന്നറും ഓള്‍റൗണ്ടറുമായ ഗുര്‍കീരാത് സിങ് എന്നിവരും ടീമിലുണ്ട്.