കൊച്ചി: ഇങ്ങനെ പോരാ...മസില്‍പവര്‍ മുഴുവന്‍ എടുത്ത് ഉയര്‍ത്തണം...ബോഡി കരുത്തുറ്റതായാലേ ബാറ്റിങ്ങും ബോളിങ്ങും അനായാസമാകൂജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ജിംനേഷ്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്റെ വാക്കുകള്‍ കേട്ട് പരിശീലനം നടത്തുമ്പോള്‍ ഒട്ടും അനായാസമല്ലാത്ത ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു ടീം കേരള.

തുള വീണ 'പ്ലേറ്റി'ല്‍ നിന്ന് 'എലൈറ്റ്' സ്വപ്നങ്ങളുടെ വിജയവീഥിയിലേക്കുള്ള യാത്ര. പുതിയ നായകന്റെയും പുതിയ കോച്ചിന്റെയും കീഴില്‍ ആഭ്യന്തര ക്രിക്കറ്റിലെ പുതിയ സീസണ് തുടക്കമിടുമ്പോള്‍ പ്രതീക്ഷകളുടെ ക്രീസിലാണ് കേരളം. 

മൈസൂരില്‍ ബുധനാഴ്ച തുടങ്ങുന്ന കെ.എസ്.സി.എ. ട്രോഫി ടൂര്‍ണമെന്റാണ് പുതിയ സീസണില്‍ കേരളത്തിന്റെ ആദ്യ അങ്കത്തട്ട്. രഞ്ജിട്രോഫി മാതൃകയില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ വിദര്‍ഭയാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. തമിഴ്‌നാടും ഗുജറാത്തുമാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ മറ്റ് എതിരാളികള്‍. ഗ്രൂപ്പ് വിജയികളാകും സെമിയിലേക്ക് യോഗ്യത നേടുന്നത്. 

ബാറ്റിങ്ങിലും ബോളിങ്ങിലും പുതിയ ഇന്നിങ്‌സുകളുണ്ടായാലേ കേരളത്തിന്റെ എലൈറ്റ് സ്വപ്നങ്ങള്‍ പൂവണിയുകയുള്ളൂവെന്നാണ് പുതിയ കോച്ച് പി. ബാലചന്ദ്രന്‍ പറയുന്നത്. ''യുവത്വവും പരിചയസമ്പത്തും സമന്വയിച്ച ടീമാണിത്. മിക്ക കളിക്കാരെയും ജൂനിയര്‍ തലത്തില്‍ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ടീമാണെന്ന് എനിക്കും പുതിയ കോച്ചാണെന്ന് കളിക്കാര്‍ക്കും തോന്നിയിട്ടില്ല. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കാനാണ് കോച്ചെന്ന നിലയില്‍ ലക്ഷ്യമിടുന്നത്''ബാലചന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടാനായ കേരളം 20 പോയിന്റുമായി സി ഗ്രൂപ്പില്‍ ആറാം സ്ഥാനത്തായിരുന്നു. അമിത് വര്‍മയെന്ന കര്‍ണാടകക്കാരന്റെ ഓള്‍റൗണ്ട് മികവായിരുന്നു കഴിഞ്ഞ സീസണില്‍ കേരളത്തിന് ഏറെ തുണയായത്. 17 വിക്കറ്റുകളുമായി ബൗളിങ്ങില്‍ മുന്നിലെത്തിയ അമിത് 440 റണ്‍സുമായി ബാറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു ഡബിള്‍ സെഞ്ച്വറിയടക്കം 475 റണ്‍സടിച്ച സഞ്ജു സാംസണായിരുന്നു ബാറ്റിങ്ങിന്റെ അമരത്ത്.

പുതിയ നായകന്‍ സഞ്ജു സാംസണില്ലാതെയാണ് കേരളം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. സിംബാബ്‌വേയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായ സഞ്ജു അടുത്ത മത്സരത്തിലേ ടീമിനൊപ്പം ചേരുകയുള്ളു. ചെന്നൈ ലീഗില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ പേസ് ബൗളര്‍ സന്ദീപ് വാര്യരും ആദ്യ മത്സരത്തിനുണ്ടാകില്ല.