മുംബൈ: ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകള്‍ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടെസ്റ്റ് ടീം നായകന്‍. ഏകദിന ടീമിനെ എം.എസ്. ധോനി തന്നെ നയിക്കും.

ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2013ലാണ് ഹര്‍ഭജന്‍ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് കളിച്ചത്. 2013 മാര്‍ച്ച് 15ന് ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റാണ് ഹര്‍ഭജന്‍ അവസാനമായി കളിച്ചത്. ഹര്‍ഭജന്റെ 101-ാം ടെസ്റ്റായിരുന്നു അത്. മൊത്തം 413 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

അതേസമയം ടെസ്റ്റ് ടീമില്‍ നിന്ന് ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ നിന്ന് ഒഴിവാക്കി. ജഡേജ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ലോകകപ്പിനിടെ പരിക്കേറ്റ മീഡിയം പേസര്‍ മുഹമ്മദ് ഷമിയെയും ഒഴിവാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ധവാന്‍ കുല്‍ക്കര്‍ണിയാണ് പകരക്കാരന്‍. ടെസ്റ്റ് ടീമില്‍ വൃദ്ധിമാന്‍ സാഹയായിരിക്കും വിക്കറ്റ്കീപ്പര്‍. സന്ദീപ് പാട്ടില്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധാവന്‍, കെ. എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍സിങ്, കരണ്‍ ശര്‍മ, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇശാന്ത് ശര്‍മ.

ഏകദിന ടീം: എം.എസ്. ധോനി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, വിരാട് കോലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി.

ജൂണ്‍ പത്തിന് ആരംഭിക്കുന്ന പരമ്പരയില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ടെസ്റ്റ് ജൂണ്‍ പത്തിന് ഫത്തുള്ളയിലും ആദ്യ ഏകദിനം പതിനെട്ടിനും രണ്ടാം ഏകദിനം 21നും മൂന്നാം ഏകദരനം 24നും നടക്കും. മിര്‍പുരാണ് മൂന്ന് ഏകദിനങ്ങളുടെയും വേദി.