മൊഹാലി: മഴ മൂലം പത്തോവറാക്കി കുറച്ച മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 22 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്ത പഞ്ചാബിനെതിരെ പത്തോവറില്‍ ആറ് വിക്കറ്റിന് 84 റണ്‍സ് എടുക്കാനേ ബാംഗ്ലൂരിനായുള്ളൂ. ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

12 പന്തില്‍ 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും 15 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലുമാണ് പഞ്ചാബിനായി തിളങ്ങിയത്. മനന്‍ വോഹ്‌റ (6 പന്തില്‍ 11), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10 പന്തില്‍ 10), ഡേവിഡ് മില്ലര്‍ (4 പന്തില്‍ 14), ജോര്‍ജ് ബെയ്‌ലി (9 പന്തില്‍ 13) എന്നിവരും പഞ്ചാബ് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ബാംഗ്ലൂര്‍ നിരയില്‍ രണ്ടോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യുസ്‌വീന്ദ്ര ചാഹലിനും രണ്ട് വിക്കറ്റുണ്ട്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നന്നായി തുടങ്ങിയെങ്കിലും റണ്‍റേറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിനിടെ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ക്രിസ് ഗെയ്ല്‍ (14 പന്തില്‍ 17), കോലി (9 പന്തില്‍ 19), ഡിവില്ല്യേഴ്‌സ് (9 പന്തില്‍ 10), മന്‍ദീപ് സിങ് (20) എന്നിങ്ങനെയാണ് ബാംഗ്ലൂര്‍ മുന്‍നിരയുടെ സ്‌കോറുകള്‍. എന്നാല്‍ പഞ്ചാബ് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായി ചെയ്യാനായില്ല.

 

രണ്ടോവറില്‍ 11 റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത അക്‌സര്‍ള്‍ പട്ടേലും രണ്ടോവറില്‍ ഒമ്പത് റണ്‍സിന് ഒരു വിക്കറ്റെടുത്ത ബ്യൂറന്‍ ഹെന്റിക്വസുമാണ് ബാംഗ്ലൂരിനെ ഒതുക്കിയത്. അനുരീത് സിങ് രണ്ടും സന്ദീപ് ശര്‍മ ഒന്നും വിക്കറ്റ് നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അക്‌സര്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.

ഈ ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ പഞ്ചാബിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള പഞ്ചാബ് ഐപിഎല്ലില്‍ നിന്ന് നേരത്തേ പുറത്തായിരുന്നു.